illustration

ചായം തേയ്‌ക്കാത്ത മുഖങ്ങൾ, ചിലങ്ക കെട്ടാത്ത കാലുകൾ, ശബ്ദമിടറിയ കണ്ഠങ്ങൾ, കരിന്തിരി കത്തുന്ന ആട്ടവിളക്കുകൾ... ആട്ടവും പാട്ടും നിലച്ച കളിമുറ്റങ്ങളിൽ കൊവിഡ് കാലത്തെ ദുരന്ത ചിത്രങ്ങൾ അരങ്ങു തകർക്കുകയാണ്. സംസ്ഥാനത്തെ നൂറോളം പ്രഫഷണൽ നാടക സമിതികൾ, അറുപതോളം ഗാനമേള സംഘങ്ങൾ, നൃത്ത, സംഗീതനാടക സമിതികൾ, മിമിക്രി ട്രൂപ്പുകൾ, എൺപതോളം നാടൻപാട്ട് സംഘങ്ങൾ, തെയ്യം കലാകാരന്മാർ, ശിങ്കാരിമേളം, കാവടി തുടങ്ങിയ സംഘങ്ങൾ, ബുക്കിംഗ് ഏജൻസികൾ, ലൈറ്റ്, മൈക്ക് സെറ്റ് തുടങ്ങിയ മേഖലകളിലായി പതിനായിരത്തിൽപ്പരം കലാകാരന്മാരും അനുബന്ധ തൊഴിലാളികളുമാണ് ദുരിതക്കയത്തിലായത്‌.

ലോക് ഡൗൺ ഇളവിൽ മറ്റു മേഖലകൾ കരകയറുമ്പോൾ സംസ്ഥാനത്ത് ലക്ഷക്കണക്കിന് കലാകാരന്മാർ ഇപ്പോൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. എല്ലാവരെയും പോലെ അവരും ജീവിക്കുന്നുണ്ടല്ലോ എന്ന് പറയാം. എന്നാൽ ആത്മഹത്യ ചെയ്തവരും ഏറെയുണ്ട് ഇവരുടെ കൂട്ടത്തിൽ.

ഉൽസവങ്ങളും പള്ളി തിരുനാളും കൊഴുപ്പിക്കാൻ എല്ലാവർക്കും വേണം കലാകാരന്മാർ. എന്നാൽ അരങ്ങ് ആഘോഷമാക്കിയ ആ കലാകാരന്മാർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. ക്ഷേത്രോത്സവങ്ങളും നാടകമേളകളും വല്ലപ്പോഴും വിദേശ പരിപാടികളുമായി നടന്നിരുന്ന ഇവർ വേഷമണിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു. പാട്ടും പല്ലവിയും മറന്ന് മറ്റു തൊഴിലുകളിലേർപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന ഏതാനും പേരൊഴിച്ചാൽ ഭൂരിഭാഗം പേരും സ്റ്റേജിനെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്. കലയോടുള്ള അഭിനിവേശം കാരണമാണ് പലരും ഈ മേഖലയിൽ തുടരുന്നത്. കൊവിഡ് പ്രതിസന്ധി വട്ടംകറക്കിയതോടെ പലർക്കും മറ്റു തൊഴിലുകളിലേക്ക് താത്കാലികമായെങ്കിലും ചുവടുമാറ്റേണ്ടി വന്നു. ഇതിന് സാധിക്കാതെ നിസഹായരായി നില്‍ക്കുന്നവരാണ് കൂടുതൽ പേരും. സർക്കാർ രണ്ടു പ്രാവശ്യമായി നല്‍കിയ 2000 രൂപയൊഴിച്ചാൽ മറ്റൊരാനുകൂല്യവും കലാകാരന്മാർക്ക് ലഭിച്ചിട്ടില്ല. സാധാരണ ഓണക്കാലം മുതലാണ് കലാകാരന്മാരുടെ സീസൺ തുടങ്ങുന്നത്. വേദികളിൽ നിന്നു വേദികളിലേക്കുള്ള യാത്രയിലാണ് അവർ ജീവിതം കരുപിടിപ്പിക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെയാണ് ഉത്സവ സീസൺ . ഇതാണ് കലാകാരന്മാരുടെ ചാകരക്കാലം.കൊവിഡ് വന്നതോടെ 2020 മാർച്ച്‌ 10ന് ശേഷം അരങ്ങുണർന്നിട്ടില്ല. മുൻകൂർ അഡ്വാൻസ് വാങ്ങിയാണ് കലാപരിപാടികൾ ബുക്ക് ചെയ്യാറ്. ഇത്തരത്തിൽ വാങ്ങിയ അഡ്വാൻസ് തിരികെ നല്‍കാനും ബുദ്ധിമുട്ടുണ്ട്. പലരും അഡ്വാൻസ് തിരികെ ചോദിക്കുമ്പോൾ കൈ മലർത്താനല്ലാതെ ഇവർക്ക് മറ്റു വഴികളില്ല.

പ്രവാസികളും വ്യാപാരികളുമാകും പരിപാടികളുടെ സ്‌പോൺസർമാർ. കൊവിഡ് ഇവരെ തളർത്തിയതിനാൽ അടുത്ത രണ്ടുവർഷവും കാര്യമായി അവസരം പ്രതീക്ഷിക്കുന്നില്ല.

പ്രളയം വന്നതു മുതലാണ് ഇവരുടെ പ്രതിസന്ധിക്ക് തുടക്കമാകുന്നത്. തുടർന്ന് കൊവിഡും കൂടി വന്നതോടെ ഇവരെല്ലാം നിലയില്ലാക്കയങ്ങളിലായി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ മുന്നിലുണ്ടായിരുന്നത് നാടക, നൃത്ത കലാകാരന്മാരായിരുന്നു. വിദേശങ്ങളിലെ പല സംഘടനകളും കലാപരിപാടികൾക്ക് വേണ്ടി മാറ്റിവച്ച തുക പ്രളയ സമയത്ത് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തപ്പോൾ ആദ്യം നിറുത്തിവച്ചതും പരിപാടികളായിരുന്നു. പിന്നീട് സംസ്ഥാനത്തു നിന്നു കലാകാരന്മാരെ വിദേശത്തേക്ക് വിളിക്കാതായി. നാട്ടിൽ പരിപാടികൾക്ക് തിരശീല വീണതോടെ ഈ കലാകാരന്മാർക്ക് താങ്ങായത് വിദേശത്തെ പരിപാടികളായിരുന്നു. നാടകം, ഗാനമേള, മിമിക്രി, നാടൻപാട്ട്, നൃത്തം, ബാലെ തുടങ്ങി വിവിധ മേഖലകളിലെ കലാകാരന്മാരുടെ വർഷങ്ങളായുള്ള പരിശ്രമമാണ്‌ കൊവിഡ് താറുമാറാക്കിയത്‌. കഴിഞ്ഞവർഷം വരെ പരിപാടികൾ ബുക്ക്‌ ചെയ്യാനുള്ള ഫോൺവിളികളാണ്‌ ഈ സമയത്ത്‌ ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ ബുക്ക്‌ ചെയ്‌ത പരിപാടികൾ ‘വേണ്ട’ എന്നു പറയാനുള്ള വിളികളാണ്‌ ബുക്കിങ്‌ ഓഫീസുകളിൽ എത്തുന്നത്‌. പണം കടം വാങ്ങിയും പലിശയ്‌ക്കെടുത്തും കലാപരിപാടികൾ തയ്യാറാക്കിയതെല്ലാം വെറുതെയായി. മലബാറിലെ ഉത്സവ സീസണിൽ നേർച്ച കിട്ടുമ്പോൾ കടം തീർക്കുന്ന തെയ്യം കലാകാരന്മാരും മുഴുപട്ടിണിയിലാണ്. ഈ വർഷവും അത്‌ സാധിക്കില്ലെന്ന്‌ ഏകദേശം ഉറപ്പിച്ചു.
രണ്ടുവർഷം മുമ്പ് ഉത്സവ കാലത്ത്‌ പ്രളയമായിരുന്നു വില്ലൻ. അന്നും ആഘോഷങ്ങൾ മാറ്റി സംസ്ഥാനം ദുരിതാശ്വാസത്തിൽ ഒറ്റക്കെട്ടായി. ‘ഇനിയെന്നുവരും പഞ്ഞമില്ലാത്ത ആ ഉത്സവനാളുകൾ’ എന്നുപറഞ്ഞ് നെടുവീർപ്പിടുകയാണ് ഈ കലാകാരന്മാർ.

പ്രശസ്ത ഗായിക സയനോരയുടെ വാക്കുകൾ ഇതാ.--- എന്നോട് കൊവിഡ് കാലത്തെ വിഷമങ്ങൾ പങ്കുവയ്ക്കുന്ന ബാൻഡിലെ കൂട്ടുകാരോട് ഞാൻ എപ്പോഴും പറയും ഈ കാലവും കടന്നു പോകും. പക്ഷേ എത്ര കാലമെടുക്കും ഇത് ശരിക്കും കടന്നു പോകാൻ? അറിയില്ല. മറ്റേതു ജോലിയും ചെയ്യുന്ന ആളുകൾക്ക് ഇത് ചിലപ്പോൾ മെല്ലെ മെല്ലെ ആണെങ്കിലും കടന്നു പോകുമായിരിയ്ക്കും. എന്നാൽ കൊവിഡ് കാലം കഴിഞ്ഞാലും അടുപ്പിൽ തീ പുകയുവാൻ "ഇനിയെന്ത്? " എന്ന് ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. കലാകാരന്മാർ, ടെക്‌നീഷ്യൻസ്.. എന്താകും അവരുടെ സ്ഥിതി ?

ഇന്ത്യയിലും വിദേശത്തുമായി കുറച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ളാസ് നടത്തുന്നതു കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയുന്നു ഇനിയും കരുണയില്ലാതെ ഈ കൊവിഡ് കാലം തുടർന്നാൽ തങ്ങൾ എങ്ങനെ ജീവിക്കും ?

പ്രശസ്ത നർത്തകി ലിസി മുരളീധരൻ പറയുന്നു.