cpm

കണ്ണൂർ: സ്വർണ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച കേസിൽ സംഘത്തലവനായ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്ന സൂചന വന്നതോടെ പ്രതിരോധവുമായി സി.പി.എം.

അർജുനും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമായും ബന്ധം പുലർത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്നലെ ചേർന്ന സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

കേസുകളിൽ പെടുന്ന ക്വട്ടേഷൻ നേതാക്കളുടെ പാർട്ടി ബന്ധമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. അതുകൊണ്ടു തന്നെ നേതാക്കൾ സംഘങ്ങളെ തള്ളിപ്പറയുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നു.
സ്വർണക്കടത്തും കള്ളക്കടത്തും നടത്തുന്ന ക്വട്ടേഷൻ സംഘങ്ങളെ സി.പി.എം സംരക്ഷിക്കില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി. ഗോവിന്ദൻ പറഞ്ഞു. കള്ളക്കടത്തു സംഘങ്ങൾക്കെതിരെ പാർട്ടി ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഇത്തരക്കാരിൽ ഒരാളെയും പാർട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാർക്ക് സമൂഹമാദ്ധ്യമങ്ങളിൽ ലൈക്കടിക്കുന്നവർ തിരുത്തണമെന്നും ഫാൻസ് ക്ലബുകൾ പിരിഞ്ഞുപോകണമെന്നുമാണ് ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി എം. ഷാജറിന്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.
സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖലാ സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ളോക്ക് കമ്മിറ്റി അംഗവുമായ സി. സജേഷിന്റെ സ്വിഫ്റ്റ് കാറിലാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ തന്റെ അനുവാദമില്ലാതെയാണ് അർജുൻ കാർ കൊണ്ടു പോയതെന്നും പൊലീസിൽ പരാതി നൽകിയെന്നും സജേഷ് പറയുന്നു.
സ്വർണ്ണകടത്തിനെ പറ്റി കേന്ദ്രസംഘം കൂടുതൽ അന്വേഷണം നടത്താൻ നീക്കമുണ്ട്. ഇത് ബി.ജെ.പിയടക്കമുള്ള പ്രതിപക്ഷം സി.പി.എമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കുമെന്ന് മുൻകൂട്ടി കണ്ടാണ് നേതാക്കളുടെ പ്രതികരണങ്ങൾ.

തള്ളിപ്പറയാൻ തീരുമാനം

സ്വർണക്കടത്തുകാരെയും ക്വട്ടേഷൻ സംഘങ്ങളെയും തള്ളിപ്പറയാൻ സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിരോധ പ്രചാരണവും ചർച്ച ചെയ്തു. കള്ളക്കടത്ത് സംഘവുമായി പാർട്ടിയിലെ ആർക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കാനും തീരുമാനിച്ചു.

സ്വർണ വാഹകർക്ക് ജില്ലയിൽ ഏജന്റുമാരുമുണ്ട്. അവരും ക്വട്ടേഷൻകാരും അതിവേഗം സമ്പന്നരാകുന്നു. ഇവരെ സാമൂഹ്യദ്രോഹികളായി കാണണമെന്നും സെക്രട്ടേറിയേറ്റ് മുന്നറിയിപ്പ് നൽകി.

ക്വട്ടേഷൻ - മാഫിയ സംഘങ്ങൾക്കും സാമൂഹ്യ തിന്മകൾക്കും എതിരെ ജൂലായ് അഞ്ചിന് ജില്ലയിലെ നാലായിരം കേന്ദ്രങ്ങളിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചു.