ആലക്കോട്: ആലക്കോട് എക്‌സൈസ് പാർട്ടി ഇന്നലെ നടത്തിയ റെയ്ഡിൽ വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചുവെച്ച 260 ലിറ്റർ വാഷും വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ച 5 ലിറ്റർ വിദേശ മദ്യവും പിടികൂടി.
ഉദയഗിരി പഞ്ചായത്തിലെ മണക്കടവ്, പാറോത്തുംമല, ആനക്കുഴി, പെരുമുണ്ടത്തട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, കെ.ജി. മുരളിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ആനക്കുഴി പെരുമുണ്ടത്തട്ട് റോഡിനുസമീപം പുറമ്പോക്ക് സ്ഥലത്തെ ഉൾക്കാട്ടിൽ പ്രവർത്തിച്ചുവന്ന വ്യാജ ചാരായ നിർമ്മാണ കേന്ദ്രത്തിൽ നിന്നുമാണ് 260 ലിറ്റർ വാഷ് പിടികൂടിയത്. മണക്കടവ് ടൗണിൽ വിദേശമദ്യവിൽപ്പനക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്നയാളെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മണക്കടവ് സ്വദേശി തടത്തിൽ ശശിധരൻ നായർ (51) ആണ് അറസ്റ്റിലായത്. ഇയ്യാളിൽ നിന്ന് 5 ലിറ്റർ വിദേശ മദ്യവും കണ്ടെടുത്തു.