നീലേശ്വരം: ആവശ്യത്തിനു ജീവനക്കാരില്ലാതെ ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് കാലവർഷമെത്തിയതോടെ കടുത്ത ദുരിതത്തിൽ. മിക്ക വൈദ്യുതി സെക്ഷനിലും ആവശ്യത്തിന് ജീവനക്കാരല്ലാത്തതാണ് ഇവരെ കൂടുതൽ കഷ്ടത്തിലാക്കുന്നത്. പരാതി ലഭിക്കുന്നതിനനുസരിച്ച് സ്ഥലത്ത് ഓടിയെത്താൻ പോലും അവർക്കാവുന്നില്ല.

ജില്ലയിൽ വിവിധ തസ്തികകളിലായി 80 ഓളം ജീവനക്കാരുടെ ഒഴിവുകൾ നിലനിൽക്കെയാണ് പല ജീവനക്കാർക്കും കൊവിഡും വന്നുപെട്ടത്.

ജില്ലയിൽ 30 വൈദ്യുതി സെക്ഷനുകളാണ് ഉള്ളത്. ഉപയോക്താക്കളും ഫീഡറുകളും അധികമാണ്. പത്തായിരം ഉപയോക്താക്കളിൽ കൂടുതൽ ഉള്ള സെക്ഷനിൽ ഒരു അസിസ്റ്റന്റ് എൻജിനീയർ, 3 സബ് എൻജിനീയർ, 6 ഓവർസിയർ, 12 ലൈൻമാൻ, 6 മസ്ദൂറുകൾ എന്നിങ്ങൻെ വേണമെന്നാണ് കണക്ക്. അതും 8 കിലോ മീറ്ററിനുള്ളിലുള്ള സെക്ഷനിൽ. എന്നാൽ പല സെക്ഷനും 11ഉം 14 ഉം കിലോമീറ്റർ വരെ ലൈനുകൾ നോക്കേണ്ടി വരുന്നു.

ജീവനക്കാരില്ലാത്തതിനാൽ മറ്റ് ഡ്യൂട്ടികൾക്ക് പുറമേ തൊഴിലാളികൾക്ക് ഹോളിഡേ ഡ്യൂട്ടി, ഓവർ ടൈം ഡ്യൂട്ടി, ഫോൺ ഡ്യൂട്ടി എന്നിവ ചെയ്യേണ്ടി വരുന്നു. ലൈൻ വലിക്കുന്നതിനും ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും കരാർ തൊഴിലാളികൾ ഉണ്ടെങ്കിലും ലൈൻ പരിപാലിക്കുന്നതിനും മറ്റും പരിചയ സമ്പന്നരായ കരാർ തൊഴിലാളികളെ നിയമിക്കണമെന്നാണാവശ്യം.

ഇതിനുപുറമെ ജില്ലയിലെ ഏറ്റവും വലിയ ഇലക്ട്രിക്കൽ സെക്ഷനായ മാവുങ്കാൽ വിഭജിച്ച് കുറച്ചു ഭാഗങ്ങൾ പടന്നക്കാട്, നീലേശ്വരം, കാഞ്ഞങ്ങാട്, പെരിയ, ചിത്താരി ഭാഗങ്ങളിലേക്ക് നൽകിയാൽ അമിതജോലി ഭാരം കുറയുമെന്ന് കെ.എസ്.ഇ ബി തൊഴിലാളി യൂനിയനുകൾ വ്യക്തമാക്കി.

ആഗസ്റ്റ് മാസത്തോടെ പൊതുസ്ഥലംമാറ്റം ഉണ്ടാകും. അതിനു ശേഷം ആവശ്യത്തിന് തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഐ.ടി.ഐ. സാങ്കേതിക വിദ്യാഭ്യാസമുള്ളവരെയും മസ്ദൂറായി മുമ്പ് വകുപ്പിൽ ജോലി ചെയ്തവരെയുമാണ് പരിഗണിക്കുക. ഫോൺ ഡ്യൂട്ടിയിലും സ്ഥിരമായി ആളുണ്ടാകും.

വർഗീസ് എബ്രഹാം, അസി. എക്സിക്യൂട്ടീവ് എൻജിനീയർ

ജില്ലയിലെ വിവിധ സെക്ഷനുകളിൽ ആളില്ലെന്നത് സത്യമാണ്. ദിവസക്കൂലിക്ക് ആളെ എടുക്കുന്ന കാര്യം ഉടൻ പരിഗണിക്കും. സുരേന്ദ്രൻ, ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ

ഒഴിവുകൾ ഇങ്ങനെ

സബ് എൻജിനീയർ 12

ഓവർസീയർ 27

ലൈൻമാൻ 33,

മസ്ദൂർ 8