പാനൂർ: കാർഷിക മേഖലയിലെ നവ സാധ്യതകൾ തേടി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ യുവ മെമ്പർമാർ കേരളാ കാർഷിക സർവകലാശാലയും കാർഷിക വിജ്ഞാന കേന്ദ്രവും സന്ദർശിച്ചു. കാർഷിക മേഖലയ്ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ ഏത് രൂപത്തിൽ പൂർണാർത്ഥത്തിൽ കർഷകർക്ക് ഫലപ്രദമാക്കാം എന്ന പഠനത്തിന്റെ ഭാഗമായാണ് ജന പ്രതിനിധികളുടെ സന്ദർശനം.
കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞനും തലവനുമായ ഡോ. ജിജു പി.അലക്സുമായി മെമ്പർമാർ കൂടിക്കാഴ്ച നടത്തി. കൂടാതെ, തൃശൂർ മണ്ണുത്തിയിലെ പ്രശസ്തമായ കാർഷിക നഴ്സറികളിലും സംഘം സന്ദർശനം നടത്തി. കാർഷിക മേഖലയിലെ സംരംഭകത്വ- വിപണന സാധ്യതകളെ കുറിച്ചും പഠനം നടത്തി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ കോട്ടയത്തെ ഹോം ക്രോൺ കാർഷിക ഗവേഷണ കേന്ദ്രം സംഘം സന്ദർശിക്കുകയും അവിടുത്തെ വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു.
പഞ്ചായത്ത് മെമ്പർമാരായ പി.കെ. മുഹമ്മദലി, കെ.കെ. സനൂബ്, ഫൈസൽ കൂലോത്ത്, പി.വി അഷ്കറലി, കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാദിഖ് പാറാട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.