gandi
ദിലീപ് പാറേമ്മൽ ചൊക്ളി പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്നതിനായി വരച്ച ഗാന്ധിജിയുടെ എണ്ണച്ചായാചിത്രം

തലശ്ശേരി:സമീപകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട മിക്ക പൊലീസ് സ്റ്റേഷനുകളുടെ ചുമരുകളിലും സ്ഥാനം പിടിച്ച ഗാന്ധിജിയുടെ എണ്ണച്ചായാചിത്രങ്ങൾ ഒരു പൊലീസുകാരൻ വരച്ചതാണ്. കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ ദീലീപ് പാറമ്മേലെന്ന ഈ അനുഗ്രഹീത കലാകാരന്റെ ഗാന്ധിജി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചൊക്ളി പൊലീസ് സ്റ്റേഷന്റെ ചുമരിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

കണ്ണൂർ ഡി.ഐ.ജി ഓഫീസ്, എസ്.പി.ഓഫീസ്, മങ്ങാട്ട് പറമ്പ് കെ.എ.പി.ബറ്റാലിയന്റ ആസ്ഥാന മന്ദിരം, മട്ടന്നൂർ, പാനൂർ, പിണറായി, ന്യൂ മാഹി, സ്റ്റേഷനുകളിലും തലശ്ശേരി ഗവ: ഗേൾസ് ഹൈസ്കൂൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളിലും ദിലീപിന്റെ വിരലുകൾ ജീവൻ പകർന്ന ഗാന്ധി ചിത്രങ്ങൾ കാണാം.കലാക്ഷേത്രങ്ങളുടെ പിൻബലമോപാരമ്പര്യത്തിന്റെ കരുത്തോ കൊണ്ടല്ല ദിലീപ് മിഴിവാർന്ന ചിത്രങ്ങൾ വരക്കുന്നത്. ജന്മസിദ്ധമായ കഴിവാണ് ഈ പൊലീസുകാരന്റെ വരയ്ക്ക് പിന്നിലുള്ളത്. ശ്രീനാരായണ ഗുരു, കെ.ജെ. യേശുദാസ് ,ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്, ഡോ: എം .എൻ. വിജയൻ ,എം.ടി.വാസുദേവൻനായർ ,ഇ.കെ.നായനാർ തുടങ്ങി ഒട്ടേറെ മഹാരഥമാരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ദിലീപ് വരച്ചിട്ടുണ്ട്. എണ്ണച്ചായത്തിന്റെ പ്രയോഗത്തിൽ അസാമാന്യമായ സിദ്ധിയാണ് ഇദ്ദേഹം പ്രകടിപ്പിക്കുന്നത്.

ബ്രിട്ടീഷ് കാലം തൊട്ടിന്നു വരെയുള്ള പൊലീസിന്റെ വേഷവിധാനത്തിലെ പരിവർത്തനങ്ങൾ ദിലീപ് ചിത്രമാക്കിയിട്ടുണ്ട്.
.ശക്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള രചനകളും ഈ പൊലീസുകാരൻ ഭാവനക്ക്
വിഷയമായിട്ടുണ്ട്. ലോകപ്രശസ്തങ്ങളായ രവിവർമ്മ ചിത്രങ്ങളുടെ എണ്ണച്ചായ പുനരാഖ്യാനം നടത്തിയും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.നേരത്തെ തലശ്ശേരി കാർണ്ണിവലിൽ ദിലീപ് പാറേമ്മലിന്റ ചിത്രപ്രദർശനം നടത്തിയിരുന്നു. കതിരൂർ ആർട് ഗാലറിയിൽ ചിത്ര പ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരൻ.


ദിലീപ് പാറേമ്മൽ