കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി പ്രാദേശിക അടച്ചിടൽ കടുപ്പിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായത് വ്യാപാരികൾ. ടി.പി.ആർ പ്രകാരമുള്ള അടച്ചിടൽ അശാസ്ത്രീയമാണെന്നാണ് വ്യാപാരികൾ പറയുന്നത്. പരിശോധനാ നിരക്കും പരിശോധനാ ഫലവും ശതമാനത്തിൽ നിശ്ചയിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ കഴിയാതെ വന്നാൽ വ്യാപാരികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സി. യൂസഫ് ഹാജി പറഞ്ഞു.

ടി.പി.ആർ മാനദണ്ഡമാക്കാതെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാൻ അനുവാദം നൽകണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പൊതുഗതാഗതവും സാമൂഹിക അകലം പാലിക്കാതെ തുടരുന്ന മദ്യവിപണനവും നടക്കുമ്പോൾ എല്ലാ സുരക്ഷാനിയന്ത്രണങ്ങളും പാലിച്ചുളള വ്യാപാരം എങ്ങനെ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പത്തിൽ താഴെ ഉപഭോക്താക്കൾ മാത്രമാണ് പ്രതിദിനം വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾ വഴി രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളെന്നും യൂസഫ് ഹാജി പറഞ്ഞു.