കാസർകോട്: ചട്ടഞ്ചാൽ ടാറ്റാ ട്രസ്റ്റ് കൊവിഡ് ആശുപത്രിയിലെ മലിന ജല പ്രശ്നത്തിന് പരിഹാരമാകുന്നു. ആശുപത്രിയിലെ മലിനജലം ഒഴുകി പോകുന്നതിന് ടാറ്റ കമ്പനി 20,000 ലിറ്റർ ശേഷിയുള്ള ആറ് ചേംബർ നിർമ്മിച്ചിരുന്നു. ഇതിൽ നിന്ന് മലിനജലം മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതാണെന്നും പിന്നീട് തിരിച്ചറിഞ്ഞു.
ചേംബർ നിറഞ്ഞ് മലിന ജലം ആൾ താമസമുള്ള സ്ഥലങ്ങളിൽ ഒഴുകിയിറങ്ങിയത് പ്രദേശവാസികളെ കടുത്ത വിഷമത്തിലാക്കിയിരുന്നു. രോഗികൾ അടക്കം മുന്നൂറിലധികം പേർ ഈ സ്ഥാപനത്തിൽ നിലവിലുണ്ട്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം അടിയന്തിരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിരുന്നു.
മലിനജലം ഒഴിവാക്കുന്നതിന് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കുകയെന്നതാണ് ഏക മാർഗമെന്നും ഇതിന് തുക കാസർകോട് പാക്കേജിൽ ഉൾപെടുത്തി ഭരണാനുമതി നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇത് പ്രകാരം അടിയന്തരമായി ഭരണാനുമതി നൽകുന്നതിന് ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എസ്.ടി.പി ചെയ്യുന്ന എറണാകുളം പെന്റഗൺ തുടങ്ങി മൂന്ന് കമ്പനികളോട് ഡി.പി.ആർ തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റാ ആശുപത്രിയിൽ എസ്.ടി.പി ഒരുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് എം.എൽ.എ പ്രതീക്ഷ പ്രകടിപ്പിച്ചു.