പയ്യന്നൂർ: അക്രമ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കാതെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കോൺഗ്രസ് ശക്തമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. പറഞ്ഞു. കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കെ.പി.സജിത് ലാലിന്റെ 26-ാം രക്തസാക്ഷിത്വ ദിനാചരണവും മൂരിക്കൊവ്വലിൽ പുതുക്കി പണിത സജിത് ലാൽ സ്മാരക മന്ദിരത്തിൽ സ്ഥാപിച്ച സജിത് ലാൽ സ്തൂപവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലൂടെയാണ് ഇന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും കടന്നു പോകുന്നത്. സ്വന്തം പ്രസ്ഥാനങ്ങളുടെ അജയ്യമായ തിരിച്ചുവരവ് കേരള രാഷ്രീയത്തിൽ പ്രാവർത്തികമാക്കാൻ രക്തം നൽകേണ്ടി വന്നാൽ അതിനും തയ്യാർ എന്ന് പ്രഖ്യാപിക്കാനും പ്രതിജ്ഞയെടുക്കാനും പ്രവർത്തകർക്ക് സാധിക്കണമെന്നും സുധാകരൻ ആഹ്വാനം ചെയ്തു. കരിപ്പിരി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, സജിത്ത് ലാലിന്റെ ഛായാ ചിത്രം അനാവരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ, കെ.പി. മോഹനൻ, രഞ്ജിത് മാണിയാടൻ പ്രസംഗിച്ചു. കഴിഞ്ഞ വർഷമാണ് അക്രമികൾ സജിത് ലാൽ മന്ദിരവും സ്തൂപവും അടിച്ച് തകർത്തത്.