mla
പള്ളിക്കര സർവീസ് സഹകരണ ബാങ്ക് നെൽക്കൃഷി ഞാറ് നടീൽ ഉത്സവം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

പള്ളിക്കര (കാസർകോട്): നെൽകൃഷിയിലേക്ക് വീണ്ടും പള്ളിക്കര സർവീസ് സഹകരണ ബാങ്ക്. 24 വർഷമായി തരിശിട്ട അഞ്ച് ഏക്കർ പാടത്ത് ഞാറ് നടീൽ ഉത്സവം ഇന്നലെ നടന്നു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായായിരുന്നു ഞാറു നടീൽ ഉത്സവം. ബേക്കൽ ബീച്ച് പാർക്കിന് സമീപം റെയിൽപാതയ്ക്ക് സമാന്തരമായി പടിഞ്ഞാറ് ഭാഗത്താണ് ഞാറ് നട്ടത്. ഭൂവുടമകളുടെ സമ്മതപ്രകാരം ബാങ്ക് ഏറ്റെടുത്ത പാടത്ത് സ്വന്തമായി വിത്ത് പാകി മുളപ്പിച്ചെടുത്ത ജയ, നവരത്ന, ജ്യോതി എന്നീ നെല്ലിനങ്ങളുടെ ഞാറാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൊവിഡ് മൂലം തൊഴിലില്ലായ്മ രൂക്ഷമായ ഇക്കാലത്ത് ബേക്കൽ ബീച്ച് പാർക്ക് തൊഴിലാളികളുടേയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും, ബാങ്ക് ഭരണസമിതി, ജീവനക്കാരുടെയും, പള്ളിക്കര പഞ്ചായത്ത്, കൃഷിഭവന്റെയും പൂർണ്ണ സഹകരണത്തോടെയാണ് നെൽകൃഷി. കഴിഞ്ഞ വർഷം റെയിൽവേ പാളത്തിന് കിഴക്കുവശം ഉള്ള പാടത്തും കൃഷിചെയ്തു ബാങ്കിനു നല്ല വിളവ് ലഭിച്ചിരുന്നു. ഞാറ് നടീൽ ഉത്സവം ഉദുമ എം.എൽ.എ അഡ്വ. സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അദ്ധ്യക്ഷനായി. പള്ളിക്കര കൃഷി ഓഫീസർ വേണുഗോപാലൻ മുഖ്യാതിഥിയായി. പള്ളിക്കര ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഒരേ മനസ്സോടെയാണ് ഈ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ. രവിവർമ്മൻ പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ്, അനിത, സി.പി.എം പള്ളിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സി സുരേഷ്, ഐ.എൻ.എൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ ഇബ്രാഹിം, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ.വി കരുണാകരൻ, വൈസ് പ്രസിഡന്റ് അന്താവു മൂസ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ. രവിവർമ്മൻ സ്വാഗതവും സെക്രട്ടറി കെ.പുഷ്പരാക്ഷൻ നന്ദിയും പറഞ്ഞു.