തലശ്ശേരി:നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടമാണ് നാരങ്ങാപ്പുറം പുതിയ ബസ് സ്റ്റാൻഡ്. ഇവിടെ ആളൊഴിഞ്ഞ നേരവുമില്ല. കാമറക്കണ്ണുകളും, പൊലീസിന്റെ നിതാന്ത ശ്രദ്ധയുമുള്ള ഇടം. എന്നിട്ടും ഇവിടം മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായത് അത്ഭുതകരം. നിരനിരയായി യാത്രികർക്ക് ഇരിക്കാൻ സ്ഥാപിച്ച ഇരിപ്പിടങ്ങളൊക്കെ ഇപ്പോഴിവിടെ കാണാനില്ല. എല്ലാം മോഷ്ടാക്കൾ അടിച്ച് മാറ്റിയിരിക്കുന്നു.
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പാസഞ്ചർ ലോബിയിൽ ബസ് യാത്രക്കാർക്കായി സ്ഥാപിച്ച ഇരിപ്പിടങ്ങളാണ് ഏതാണ്ട് പൂർണ്ണമായും സാമൂഹ്യദ്രോഹികൾ മോഷ്ടിച്ചു കടത്തിയത്. ഇരുമ്പ് റാഡിൽ സ്ഥാപിച്ച നൂറിലേറെ ഇരുമ്പ് കസേരകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 8 കസേരകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇരിപ്പിടങ്ങൾ കൂടുതലും മോഷണം നടന്നത് ലോക്ക് ഡൗൺ കാലത്താണ്. കസേരകൾ സ്ഥാപിച്ച ഇരുമ്പ് റാഡുകൾ പോലും ഇപ്പോൾ കാണാനില്ല.
പാസഞ്ചർ ലോബിയിൽ സ്ഥാപിച്ച ഏതാണ്ട് നൂറിലേറെ ഇരുമ്പ് കസേരകളാണ് മോഷണം പോയിരിക്കുന്നത്. ഇപ്പോൾ കസേര സ്ഥാപിച്ച ഇടം ഒഴിഞ്ഞ് കിടപ്പാണ്. ഒരു ദിവസം കൊണ്ടല്ല ,ഈ കസേരകൾ അത്രയും മോഷണം പോയത്. കസേര സ്ഥാപിച്ച നാൾ മുതൽ ആരംഭിച്ചതാണ് മോഷണവും. ഇരുമ്പ് റാഡിൽ സ്‌ക്രൂ ഉപയോഗിച്ചാണ് കസേരകൾ ഉറപ്പിച്ചിരുന്നത്. അത് പതുക്കെ ഇളക്കിവച്ച് ആളില്ലാത്ത സമയം നോക്കി മോഷ്ടിച്ച് കൊണ്ടുപോവുകയാണ് പതിവ്.
ലോക്ക് ഡൗൺ 'ശരിയായി" ഉപയോഗിച്ചു
ലോക്ക് ഡൗൺ ആയതോടെ ബസ് സ്റ്റാൻഡ് വിജനമായി. ഇത് മോഷ്ടാക്കൾക്ക് ഏറെ സഹായകരവുമായി. പാസഞ്ചർ ലോബിയിൽ സിസി ടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, വർഷങ്ങളായി അത് പ്രവർത്തനരഹിതമാണ്. മോഷ്ടാക്കൾക്ക് ഇത് സഹായകരവുമായി.
നാടിന്റെ നാനാഭാഗങ്ങളിലേക്കും പോകാനുള്ള യാത്രികർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഇരിപ്പിടങ്ങളാണ് ഇല്ലാതായത്. ഇക്കാര്യത്തിൽ അധികൃതരുടെ കണ്ണുകൾ പതിയാതെ പോയത് ഏറെ സങ്കടകരമാണ്.നഗരത്തിലെ ഒരു വ്യാപാരി