കണ്ണൂർ: മലയോര മേഖലയിലെ വെെദ്യുതി തടസങ്ങൾക്ക് പരിഹാരമായി 110 കെ.വി ചെമ്പേരി സബ് സ്റ്റേഷനിൽ നിന്നുള്ള ഭൂഗർഭ കേബിളിന്റെ പണി അവസാനഘട്ടത്തിൽ. ആറ് 11 കെ.വി ഫീഡറുകൾ വഴിയാണ് വെെദ്യുതി വിതരണം. മഴ ശക്തി പ്രാപിക്കുമ്പോൾ മലയോര മേഖലയിലുണ്ടാകുന്ന വെെദ്യുതി തടസത്തിന് പരിഹാരമായാണ് പുതിയ പദ്ധതി.
ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിൽ നിന്നുള്ള രണ്ടു ഫീഡറുകളായിരുന്നു കഴിഞ്ഞ വർഷം വരെ ചെമ്പേരി, പയ്യാവൂർ മേഖലയിലേക്ക് വിതരണം നടത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം പയ്യാവൂർ മേഖലയിലേക്ക് ചന്ദനക്കാംപാറ, വണ്ണായിക്കടവ്, പയ്യാവൂർ ടൗൺ എന്നീ ഫീഡറുകളും ചെമ്പേരി മേഖലയിലേക്ക് കുടിയാന്മല, മണ്ഡളം, ചെമ്പേരി ടൗൺ എന്നീ ഫീഡറുകളുമാണുള്ളത്.
പയ്യാവൂരേക്കുള്ള ഫീഡറുകൾ നിലവിൽ ചാർജ് ചെയ്ത് കഴിഞ്ഞു. ഇതിനായി സബ്‌സ്റ്റേഷനിൽ നിന്നും നെല്ലിക്കുറ്റിയിലേക്ക് രണ്ട് യു.ജി കേബിളും പൂപ്പറമ്പിലേക്ക് ഒരു എ.ബി കേബിളും സ്ഥാപിച്ചു. ചെമ്പേരിയിലേക്ക് ചളിമ്പറമ്പ വഴി 3 യു.ജി കേബിൾ ഇടുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തിയായി.
റോഡരികിലൂടെ മൂന്ന് കിലോമീറ്ററോളം ദൂരം കുഴിയെടുത്ത് മൂന്ന് കേബിളുകൾ ഇടേണ്ടതിനാൽ പലപ്പോഴും പ്രവൃത്തി തടസ്സപ്പെടുകയുണ്ടായി. ചളിമ്പറമ്പ ജംഗ്ഷനിൽ കുഴിയെടുക്കാൻ പറ്റാത്തതിനാൽ 200 മീറ്റർ ദൂരം ഡ്രിൽ ചെയ്യുകയായിരുന്നു. 25 മെഗാവാട്ട് ശേഷിയുള്ള സബ്‌സ്റ്റേഷൻ പൂർണസജ്ജമായത് ഉയർന്ന പവർ ആവശ്യകത ഉള്ള വ്യവസായങ്ങൾക്കും ചെറുകിട എം.എസ്.എം.ഇ യൂണിറ്റുകൾക്കും കാഞ്ഞിരക്കൊല്ലി, പൈതൽമല മുതലായ ടൂറിസം മേഖലകൾക്കും ഒരുപോലെ സഹായകരമാകും.
കൂടുതൽ വൈദ്യുതി വഹിക്കും
സാധാരണ പോസ്റ്റുകളിൽ സ്ഥാപിക്കുന്ന അലൂമിനിയം കമ്പികളെ അപേക്ഷിച്ചു കൂടുതൽ വൈദ്യുതി വഹിക്കാൻ പറ്റും. പരിപാലന ചിലവും കുറവാണ്. എന്നാൽ ലൈൻ വലിക്കുന്നതിന്റെ ആറു മടങ്ങ് അധികമാണ് പദ്ധതിചിലവ്. റോഡ് കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വേറെയും.
അടങ്കൽ തുക 1,94,68,000 രൂപ
11 കെ.വിയുടെ മൂന്ന് ഫെയ്സ് ലൈനുകൾ
ഉയർന്ന ഇൻസുലേഷൻ കപ്പാസിറ്റി ഉള്ള ക്രോസ്‌ലിങ്ക്ഡ് പോളി എത്തിലീൻ നിർമ്മിത പുറം കവറിംഗ്
കേബിൾ ഇടുന്നത് 1.20 മീറ്റർ ആഴത്തിൽ
ഇതിനു മേലെ കോൺക്രീറ്റ് സ്ലാബുകളും സുരക്ഷ ടെപ്പുകളും
മൂടിയ കുഴിയുടെ മേലെ 100 മീറ്റർ ഇടവിട്ട് കെ എസ്. ഇ.ബി.എൽ എന്നെഴുതിയ റൂട്ട് മാർക്കറുകൾ.
ജൂലായ് അഞ്ചിന് നാടിന് സമർപ്പിക്കും
ആറു ഫീഡറുകളും സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വൈദ്യുത തടസ്സങ്ങൾക്കും വോൾട്ടേജ് ക്ഷാമത്തിനും ഒരു പരിധി വരെ പരിഹാരമാകും.
ഹരീശൻ മൊട്ടമ്മൽ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ശ്രീകണ്ഠപുരം