solar

തൃക്കരിപ്പൂർ: സോളാർ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ട് സർവ്വീസ് ആയിറ്റിയിലും ആരംഭിക്കുന്നതിനുള്ള സാദ്ധ്യത തെളിഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ജലഗതാഗത വകുപ്പ് ആരംഭിച്ചതോടെയാണ് ആയിറ്റിക്കും പ്രതീക്ഷയേറുന്നത്.

സാധാരണ യാത്രക്കാരെ ഇരുകരകളിലും എത്തിക്കുന്നതോടൊപ്പം ടൂറിസ്റ്റുകൾക്ക് കായൽയാത്ര സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളാർ ബോട്ടുകളുടെ സർവ്വീസ് ആരംഭിക്കുന്നത്. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ യന്ത്രങ്ങളുടെ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ യാത്ര ആസ്വദിക്കാം. ബോട്ടിൽ നിന്നുള്ള ഡീസൽ അവശിഷ്ടങ്ങൾ പുഴയിൽ എത്തുന്നില്ലായെന്നതിനാൽ പരിസ്ഥിതി സൗഹൃദ സർവ്വീസായി മാറുകയും ചെയ്യും.

നിലവിൽ ആയിറ്റി കേന്ദ്രീകരിച്ച് എ 62 നമ്പർ ബോട്ട് വലിയപറമ്പ പഞ്ചായത്തിലെ യാത്രക്കാരെ ആശ്രയിച്ച് സർവ്വീസ് നടത്തുന്നുണ്ട്. തെക്ക് രാമന്തളി വരെയും വടക്ക് പടന്നവരെയുമായാണ് ഈ ബോട്ട് യാത്ര.നേരത്തെ കൊറ്റി മുതൽ കോട്ടപ്പുറം വരെയുളള സർവ്വീസ് യാത്രക്കാരുടെ കുറവ് കാരണം വെട്ടിച്ചുരുക്കുകയായിരുന്നു. ലോക്ക്ഡൗൺ കാരണം നിർത്തിയിട്ട ബോട്ടുകൾ കഴിഞ്ഞ 17 മുതലാണ് വീണ്ടും സർവ്വീസ് ആരംഭിച്ചത്.

30 യാത്രക്കാ‌ർ

മുപ്പതോളം യാത്രക്കാരെ കയറ്റാൻ പറ്റുന്ന നൂതന സീറ്റ് സംവിധാനമാണ് ബോട്ടിൽ ഉണ്ടാവുക. അതോടൊപ്പം കായൽയാത്ര ആസ്വാദ്യകരമാക്കാൻ സംഗീതവും,ചായ, കാപ്പി, ലഘു ഭക്ഷണവും ഉണ്ടാകും. ജലഗതാഗത വകുപ്പിന് ഇന്ധന ചെലവു കുറയുമെന്നതോടൊപ്പം വലിയ സാമ്പത്തിക ബാദ്ധ്യതയില്ലാതെ കായലിലൂടെയുള്ള വിനോദയാത്രയിലേർപ്പെടാമെന്നത് ചെറിയ കുടുംബങ്ങൾക്കും ആശ്വാസകരമാണ്. ഈ ബോട്ടുയാത്രയുടെ ടിക്കറ്റ് നിരക്ക് തീരുമാനമായിട്ടില്ല.