തൃക്കരിപ്പൂർ: ഓൺലൈൻ പഠനം വഴിമുട്ടിയ കുട്ടികളുടെ ദൈന്യാവസ്ഥയ്ക്ക് പരിഹാരം തേടിയിറങ്ങിയ വിദ്യാലയാധികൃതർക്കൊപ്പം സഹായവുമായി പൊതു സമൂഹം. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ ആരംഭിച്ച ഡിവൈസ് ബാങ്കാണ് ഓൺ ലൈൻ പഠന സാമഗ്രികളില്ലാത്ത കുട്ടികൾക്ക് അത്താണിയായത്. സ്കൂൾമാനേജരും പി.ടി.എ പ്രസിഡന്റും ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റും റിട്ട. അധ്യാപകരും പൂർവ്വ വിദ്യാർഥികളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ സഹായവുമായി എത്തി.
എം. രാജഗോപാലൻ എം.എൽ.എ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി. കൈരളി പദ്ധതി വിശദീകരണം നടത്തി. സ്കൂൾ മാനേജർ എം.വി കുഞ്ഞിക്കോരൻ, ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് വാസുദേവൻ നായർ, സെക്രട്ടറി ദാമു കാര്യത്ത്, പി.ടി.എ പ്രസിഡന്റ് മധു കൂവക്കണ്ടത്തിൽ, മദർ പി.ടി.എ പ്രസിഡന്റ് ഉഷാ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.