കണ്ണൂർ: സ്ത്രീ പീഡനങ്ങൾക്കും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ സി.പി.എം ജൂലായ് 1 മുതൽ 8 വരെ സ്ത്രീപക്ഷ കേരളമെന്ന പേരിൽ വിപുലമായ ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. ഒന്നിന് വൈകിട്ട് 7 മണിക്ക് സി.പി.എം കണ്ണൂർ ഫേസ്ബുക്ക് പേജിൽ വെബിനാറിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. 2, 3 തീയതികളിൽ സി.പി.എം 18 ഏരിയാ കമ്മിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ സാമൂഹ്യ-സാംസ്‌കാരിക വനിതാ നേതാക്കളും അഭിഭാഷകരും പ്രഭാഷണങ്ങൾ നടത്തും. 4, 6 തീയതികളിൽ ഗൃഹസന്ദർശനം സംഘടിപ്പിക്കും.
7ന് വൈകു. 7 മണിക്ക് കരിവെള്ളൂർ മുതൽ മാഹി വരെ ദേശീയപാതയിലും ജില്ലയിലെ പ്രധാനപ്പെട്ട പാതകളിലും സ്ത്രീപക്ഷ കേരളം ദീപമാല എന്ന പരിപാടി സംഘടിപ്പിക്കും. 4 പേർ വീതമുള്ള ഗ്രൂപ്പുകൾ റോഡിൽ അണിനിരന്ന് ദീപം തെളിയിക്കുന്ന പരിപാടിയാണിത്. ദേശീയപാതയ്ക്ക് പുറമേ ചെറുപുഴ- പയ്യന്നൂർ, കൊട്ടിയൂർ- ചെറുപുഴ, ശ്രീകണ്ഠപുരം- മയ്യിൽ- പുതിയതെരു, താഴെചൊവ്വ -കൂത്തുപറമ്പ്- നിടുംപൊയിൽ, തലശ്ശേരി-കൂട്ടുപുഴ, ചൊവ്വ- മട്ടന്നൂർ- ഇരിട്ടി, പെരിങ്ങത്തൂർ-കൂത്തുപറമ്പ്, പയ്യാവൂർ-തളിപ്പറമ്പ്, ഇരിട്ടി-പേരാവൂർ, തലശ്ശേരി-മമ്പറം -അഞ്ചരക്കണ്ടി, ചാലോട്-ഇരിക്കൂർ, വളപട്ടണം പഴയങ്ങാടി-പിലാത്തറ, എന്നീ റോഡുകളിലും ദീപമാല സംഘടിപ്പിക്കും. 8ന് 225 കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ കേരളം കൂട്ടായ്മകൾ സംഘടിപ്പിക്കും.
നാളെ 41,825 കേന്ദ്രങ്ങളിൽ നടക്കുന്ന ഇന്ധന വിലക്കയറ്റ വിരുദ്ധ എൽ.ഡി.എഫ് പ്രക്ഷോഭവും ജൂലായ് 5 ന് ക്വട്ടേഷൻ-മാഫിയസംഘങ്ങൾക്കെതിരെ 3801 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടിയും
സംഘടിപ്പിക്കുന്നുണ്ട്.