തളിപ്പറമ്പ്: കിലയുടെ കരിമ്പം പരിശീലന കേന്ദ്രത്തിൽ 13വർഷം മുമ്പ് അടച്ചുപൂട്ടിയ മോഡൽ ബാലവാടി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. 1975ൽ ആരംഭിച്ച മോഡൽ ബാലവാടി 2008ൽ അദ്ധ്യാപിക വിരമിച്ചതോടെയാണ് പൂട്ടാനിടയായത്. കേരളത്തിൽ കൊട്ടാരക്കര, തൃശൂരിലെ മണ്ണുത്തി, തളിപ്പറമ്പ് കരിമ്പം എന്നിങ്ങനെ മൂന്ന് വികസന പരിശീലന കേന്ദ്രങ്ങളിലായിട്ടാണ് ബാലവാടികൾ ആരംഭിച്ചത്. 2008 ന് മുമ്പ് തന്നെ മറ്റ് രണ്ടെണ്ണവും പൂട്ടിയിരുന്നു.

വികസന പരിശീലന കേന്ദ്രത്തോടനുബന്ധിച്ച് ബാലവാടി ടീച്ചർമാർക്ക് പരിശീലന ക്ലാസ് തുടങ്ങിയപ്പോഴാണ് ഇവിടെ മോഡൽ ബാലവാടികളും തുടങ്ങിയത്. 1984ൽ സ്ഥാപനത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമ്മിച്ച ബാലവാടി കെട്ടിടം അന്നത്തെ സാമൂഹ്യ വികസന വകുപ്പ് മന്ത്രി പി.കെ വേലായുധനാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്ക് നല്ല പരിശീലനവും പോഷകാഹാര വിതരണവും ഇവിടെ നടന്നിരുന്നു.
കേന്ദ്ര സർക്കാർ പദ്ധതിയനുസരിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിൽ അങ്കൻവാടികൾ ആരംഭിച്ചതിന്റെ മറപിടിച്ചാണ് ബാലവാടികൾ നിർത്തിയത്. 17 കുട്ടികളാണ് അവസാനത്തെ ബാച്ചിൽ ഉണ്ടായിരുന്നത്. പി.എസ്.സി വഴി ഇവിടെ ആയ തസ്തികയിൽ നിയമിതയായ ജീവനക്കാരി ഇപ്പോൾ മറ്റ് ഓഫീസ് ജോലി ചെയ്യുകയാണിവിടെ. തളിപ്പറമ്പ് എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എം.വി. ഗോവിന്ദൻ കില പരിശീലനകേന്ദ്രം ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിടം മാത്രം

അവശേഷിച്ചു

ബാലവാടിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും ഇന്നും അതുപോലെ കിടക്കുകയാണ്.

2017ൽ കില കരിമ്പം ഇ.ടി.സി.ഏറ്റെടുക്കുമ്പോൾ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ 5 വർഷമായിട്ടും ഒരു വികസന പദ്ധതിയും നടപ്പിലായിട്ടില്ലെന്നും ആക്ഷേപമുണ്ട്.