women-abuse

തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ കുയ്യാലിയിലെ വ്യവസായ പ്രമുഖനെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലും ഗൾഫിലുമായി നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷറഫുദ്ദീനെയാണ് (69) ധർമ്മടം ഇൻസ്പെക്ടർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതേസംഭവത്തിൽ മുഴപ്പിലങ്ങാട് സ്വദേശിയും പെൺകുട്ടിയുടെ ബന്ധുവുമായ 38 കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവാണിയാൾ. ഇയാളും ഇളയമ്മയും കൂടി പെൺകുട്ടിയെ വ്യവസായ പ്രമുഖന് കാഴ്ചവച്ചുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇളയമ്മയും ഭർത്താവും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. പീഡനശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൗൺസലിംഗിന് വിധേയമാക്കിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.