jeep

രാമനാട്ടുകര (കോഴിക്കോട്): രാമനാട്ടുകര ബൈപാസ് റോഡിൽ ജീപ്പും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ജീപ്പിലുണ്ടായിരുന്ന കണ്ണൂർ അമ്പായത്തോട് പാൽച്ചുരം സ്വദേശി പുന്നയ്ക്കാപ്പടവിൽ ജോർജ് പി.ആന്റണി(42), കോട്ടയം പുതുപ്പള്ളി എറികാട് വെട്ടിക്കൽ ശശിയുടെ മകൻ ശ്യാം വി. ശശി (29) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ രാമനാട്ടുകര മേല്പാലത്തിനു താഴെ സേവാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം പാടെ തകർന്നു. സാനിറ്റൈസർ ഉൾപ്പെടെ കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളുമായി വയനാട്ടിലേക്ക് തിരിച്ചതായിരുന്നു ജീപ്പ്. എതിർദിശയിലെത്തിയ ലോറി ചേളാരിയിലേക്ക് പോവുകുകയായിരുന്നു.രാമനാട്ടുകര - എയർപോർട്ട് റോഡിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ അഞ്ചു പേർ വാഹനാപകടത്തിൽ മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ്.

പി.ഡി.ആന്റണി -ചിന്നമ്മ ദമ്പതികളുടെ മകനാണ് മരിച്ച ജോർജ് പി.ആന്റണി. ഭാര്യ :തുഷാര ജോർജ്.മക്കൾ:ജോഷ് ആന്റണി ജോർജ്, എനോഷ് ജൂഡ് ജോർജ്, എംനോൺ ജി.ജോർജ്,റബേക്ക ആൻ ജോർജ്. സഹോദരങ്ങൾ: ബെന്നി,വിൽസൺ, തങ്കച്ചൻ, ലിജോ, ലിസി,ലിറ്റി. ശ്യാമിന്റെ മാതാവ് കമല. സഹോദരി: ശ്യാമ. ഭാര്യ: ആതിര. ഇരുവരുടെയും സംസ്കാരം ഇന്നു നടക്കും.