പട്ടുവം: കൊവിഡിന്റെ കെടുതിയിൽ തൊഴിൽ നഷ്ടപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാർ പോത്ത് വളർത്തലിലേക്ക് ഇറങ്ങിയപ്പോൾ പട്ടുവം വയലുകളിൽ പുതിയ കാഴ്ച ഗ്രാമത്തെ ആശ്ചര്യപ്പെടുത്തുകയാണ്. ടെൻഷൻ കുറഞ്ഞ സംരംഭം നാട്ടിൽ ചർച്ചയുമായി.
മംഗലശ്ശേരി, മുതുകുട വെസ്റ്റ്, ഈസ്റ്റ്, മാണുക്കര എന്നിവിടങ്ങളിലെ തരിശുപാടങ്ങളിലാണ് ഇപ്പോൾ പോത്തുകൾ നിരന്നിട്ടുള്ളത്. പശുവിനെ വളർത്തുംപോലുള്ള പരിചരണമൊന്നും ഇതിന് വേണ്ട. കൃഷി ഇറക്കാത്ത ഏക്കർ കണക്കിന് വയലുകളിൽ തീറ്റ ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. അവിടെ തന്നെ കുടിവെള്ളവും കിട്ടും. കൊവിഡിന്റെ ആദ്യ നാളുകളിൽ സർക്കാർ സബ്സിഡിയിൽ നിരവധി ചെറുപ്പക്കാർ മത്സ്യം വളർത്തലിൽ ഏർപ്പെട്ടിരുന്നു. ഇതുപോലെ തന്നെയാണ് ഇപ്പോൾ പോത്ത് വളർത്തലിലേക്കും തിരിഞ്ഞിരിക്കുന്നത്.
മഴ തീരും വരെ പോത്തുകൾക്ക് ഭക്ഷണം നല്കേണ്ടതില്ല. ശരീരം നല്ലപോലെ വളർന്നാൽ അതിനകം വിറ്റുപോയെന്നും വരാം. ഈ പ്രതീക്ഷയിൽ കൂടുതൽ പോത്തുകളെ വയലുകളിലെത്തിക്കാനും ശ്രമമുണ്ട്. കർണാടകയിൽ നിന്നും എത്തിക്കുന്ന അധികം വളർച്ചയില്ലാത്ത പോത്തുകളാണ് കൂടുതലും.