കാസർകോട്: ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ നിലച്ചിട്ടില്ലെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാൻ കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിലിറങ്ങേണ്ട ഗതികേടിലാണ് ദുരിതബാധിതർ ഇപ്പോഴുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ നാടിനെ വിഷം തീറ്റിച്ചതിന്റെ ഉത്തരവാദിത്വം മാറി മാറി വന്ന സർക്കാറുകളുടേതാണ്. അവരത് നിറവേറ്റുന്നില്ലെങ്കിൽ കേരളീയ പൊതുസമൂഹം ആ മനുഷ്യരുടെ ശബ്ദമാകണം. തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ട് ജീവിതം നഷ്ടമായവരെ ഇനിയും തെരുവിലേക്കെറിയരുത്. മതിയായ ചികിത്സ ജില്ലയിൽ തന്നെ ഉറപ്പ് വരുത്തുകയും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുകയും ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും ചികിത്സക്കായി കുട്ടികളെയും എടുത്ത് ഓടേണ്ടുന്ന അവസ്ഥ ഒഴിവാക്കണം.
2017ലെ സുപ്രീംകോടതി വിധിയനുസരിച്ച് പട്ടികയിലുള്ള 6727 പേർക്കും അഞ്ചു ലക്ഷം രൂപ നൽകണം. ഇതിൽ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപച്ചതിലൂടെ നാല് അമ്മമാർ അഞ്ചു ലക്ഷം നേടിയതടക്കം 1446 പേർക്ക് 5 ലക്ഷം കിട്ടി. 1568 പേർക്ക് 3 ലക്ഷം ലഭിച്ചു. കോടതി വിധി പ്രകാരം 3717 പേർക്ക് ഇനിയും അഞ്ചു ലക്ഷവും 1568 പേർക്ക് രണ്ടു ലക്ഷവും കിട്ടണം. പ്രായോഗികവും ശാസ്ത്രീയവുമായ പുനരധിവാസം നടപ്പാക്കുക. ദുരിതബാധിത കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക. മുഴുവൻ ദുരിതബാധിതരുടെയും കടങ്ങൾ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങളും ദുരിതബാധിതർ ഉന്നയിക്കുന്നു. ജൂൺ 30 ന് അവകാശദിനമായി ആചരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് മുനീസ അമ്പലത്തറ, കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അരുണി ചന്ദ്രൻ കടകം, സിസ്റ്റർ ജയ ആന്റോ മംഗലത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.