പേരാവൂർ: ആറളം ഫാം മേഖലയിലെ നാല് ബ്ലോക്കുകളിലായി തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഒരുമിച്ച് കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്നലെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ഫാമിൽ കണ്ടെത്തിയ 19 ആനകളിൽ 9 എണ്ണത്തിനെ കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് കയറ്റി. ബാക്കിയുള്ള ആനകളെ
തുരത്തുന്നതിനായി നിരീക്ഷണം നടത്തിവരുന്നു. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള ആനകളെയും കാട്ടിലേക്ക് തുരത്താനാണ് ലക്ഷ്മിടുന്നത്.

ആറളം വൈൽഡ്‌ ലൈഫ് വാർഡൻ എ. ഷജ്ന, അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ സുധീർ നാരൊത്ത്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയേഷ് ജോസഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ആറളം റെയ്ഞ്ച്, കൊട്ടിയൂർ റെയ്ഞ്ച്, ആർ.ആർ.ടി, കൊട്ടിയൂർ വന്യജീവി സങ്കേതം വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും, സർക്കിൾ ഇൻസ്‌പെക്ടർ ആഗസ്റ്റിന്റെ നേതൃത്വത്തിൽ ആറളം പൊലീസ്, ആറളം സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ 90 ഓളം ആൾക്കാർ സ്‌പെഷ്യൽ ഡ്രൈവിൽ പങ്കെടുത്തു.