youth-con
കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചപ്പോൾ

കാസർകോട്: പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ നടപടിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനെ ഉപരോധിക്കാൻ കാത്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രസിഡന്റ് വരില്ലെന്ന് അറിഞ്ഞതോടെ ജില്ലാ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു മടങ്ങി.

ഉപരോധ വിവരം അറിഞ്ഞു ബേബി ബാലകൃഷ്ണൻ പരിപാടി റദ്ദാക്കുകയായിരുന്നു. വഴിവിട്ട് നിയമനം നൽകിയതിനെതിരെ യു.ഡി.എഫ്‌ കൊണ്ട് വന്ന പ്രമേയം ഭരണസമിതി ചർച്ച പോലും ചെയ്യാതെ തള്ളിക്കളഞ്ഞതിലും നിയമനം റദ്ദാക്കാത്തതിലും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, ഭാരവാഹികളായ കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി, മാത്യു ബദിയടുക്ക, രതീഷ് ഇരിയ, സന്തോഷ് ക്രസ്റ്റ, സുഭാഷ് പെരിയ, മഹേഷ് കെ.കെ പുറം തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. വരാന്തയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ ഇടയ്ക്ക് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് ബലംപ്രയോഗിച്ചു തടഞ്ഞു. ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതിയിൽ നിയമപരമായും പോരാടുമെന്നും ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ പറഞ്ഞു.