gold

കണ്ണൂർ: വിമാനത്താവളങ്ങളിലൂടെ കടത്തുന്ന സ്വർണം വീതംവയ്ക്കുന്നതെങ്ങനെ എന്നതുൾപ്പെടെ വ്യക്തമാക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ ശബ്ദരേഖ പുറത്ത്. സ്വർണം കടത്തിക്കൊണ്ടുവരുന്ന ഏജന്റിന് ക്വ​ട്ടേഷൻ സംഘാംഗം അയച്ച വാട്​സ്​ആപ്പ്​ ശബ്​ദസന്ദേശമാണ്​ പുറത്തായത്. എന്നാൽ ശബ്​ദസന്ദേശം​ ആരുടേതാണെന്ന്​​​ ഇതുവരെ വ്യക്​തമായിട്ടില്ല. പൊലീസും കസ്റ്റംസും ഇത് സ്ഥിരീകരിച്ചിട്ടുമില്ല. കടത്തിക്കൊണ്ടുവരുന്ന സ്വർണം ‘പൊട്ടിച്ച്​’ (അടിച്ചുമാറ്റുന്നത്) കടത്തി മൂന്നായി വീതം വയ്ക്കുമെന്നും അതിൽ ഒരു പങ്ക്​ പാർട്ടിക്കെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊടി സുനി, മുഹമ്മദ്​ ഷാഫി എന്നിവർക്കും ഇതിൽ ഒരു പങ്ക്​ എത്തുമെന്നും കവർച്ചാസംഘത്തിന്​ സംരക്ഷണം നൽകുന്നത്​ ഇവരാണെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

ശബ്ദസന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ: ''ജിജോ തില്ല​ങ്കേരി, രജീഷ്​ തില്ല​ങ്കേരി തുടങ്ങിയവരും വാഹനത്തിൽ നിങ്ങളുടെ കൂടെയുണ്ടാകും. നിങ്ങൾക്ക്​ ഭാവിയിൽ പ്രശ്​നം വരില്ല. ​ സുരക്ഷിതത്വം നൽകാൻ പാർട്ടിയും ഉണ്ടാകും​. നമ്മുടെ കൂടെ നിന്നാൽ സ്വർണത്തി​ന്റെ ഉടമ നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല. ഉടമ പ്രശ്​നമുണ്ടാക്കാൻ വന്നാൽ ഷാഫിയും സുനിയും ​ഇടപെടും. പാർട്ടിയുമുണ്ട്​ കൂടെ. അതിനാൽ ഒരു തരത്തിലും ഭയപ്പെടാനില്ല.''

കോഴിക്കോട്​, കണ്ണൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച്​ കഴിഞ്ഞ നാല്​ മാസമായി ഇത്തരം സ്വർണക്കടത്ത്​ സജീവമാണെന്ന സൂചനയും ശബ്ദസന്ദേശത്തിലുണ്ട്​.