car
പൊലീസ് പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട കാർ

കാസർകോട്: ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ എക്സൈസ് ഗാർഡിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലീസ് സമർത്ഥമായി പിടികൂടി. ഹൊസ്ദുർഗ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ തെരുവത്ത് ലക്ഷ്മിനഗറിലെ ടി.വി ഗീതയെ ഇടിച്ചുവീഴ്ത്തിയ കാറും പ്രതിയെയുമാണ് ദിവസങ്ങൾ നീണ്ടുനിന്ന പരിശ്രമത്തെ തുടർന്ന് ഹൊസ്ദുർഗ് എസ്.ഐ വിജേഷും സംഘവും പിടികൂടിയത്. ഈ മാസം 17 ന് വൈകീട്ടാണ് തെരുവത്ത് റോഡിൽ വെച്ച് ഗീതയെ മരുതികാർ ഇടിച്ചുവീഴ്ത്തിയത്.

പരിക്കേറ്റ ഗീത ആശുപത്രി വിട്ട് വീട്ടിൽ ചികിത്സയിലാണ്.

പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു ദൃശ്യത്തിൽ കണ്ട അലാമിപ്പള്ളിയിലെ ബാർ ഹോട്ടലിലേക്ക് പോയ കെ.എൽ 05 എം 487 കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. ഹോട്ടലിലെ റൂമിൽ താമസിച്ച പരസ്യ ചിത്രീകരണത്തിന് വന്നവരുടേതാണ് ഈ കാറെന്ന് മനസിലായി. കാറിന്റെ നമ്പർ പരിശോധിച്ചപ്പോൾ മട്ടന്നൂർ സ്വദേശി ഹർഷന്റേതായിരുന്നു കാർ. ഷൂട്ടിംഗ് ആവശ്യത്തിന് മട്ടന്നൂർ ചേളാരിയിലെ നിസാമുദ്ദീന് നൽകിയതാണ് വാഹനമെന്ന ഹർഷൻ പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് ഗീതയെ ഇടിച്ചിട്ട കാറും ഓടിച്ചിരുന്ന നിസാമുദ്ദീനെയും പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐക്കൊപ്പം എ.എസ്.ഐ ട്രെയിനി സവ്യസാചി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രബേഷ്, നാരായണൻ, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.