മാഹി: കേരളക്കരയിൽ കാർഷിക മേഖലയിൽ വിപ്ലവകരമായ തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കെ, മാഹിയിൽ നിന്ന് കൃഷി തീർത്തും പടിയിറങ്ങുകയാണ്. കാൽ നൂറ്റാണ്ട് മുമ്പ് വരെ കുന്നുകളുടേയും, വയലുകളുടേയും നാടായിരുന്നു മയ്യഴി. എന്നാലിന്ന് കുന്നുകളാകെ നിരപ്പാക്കപ്പെടുകയും, വയലുകളാകെ നികത്തപ്പെടുകയും ചെയ്തിരിക്കുകയാണ്.
മാഹിയിൽ കൃഷി കാര്യങ്ങൾ നോക്കാൻ ഒരു ഡപ്യൂട്ടി ഡയറക്ടർ തസ്തികയുണ്ട്. അദ്ദേഹം സ്ഥലംമാറി പോയതിന് ശേഷം പകരക്കാരൻ വർഷങ്ങളായില്ല. പള്ളൂരിലെ കൃഷിഭവനിൽ നിന്ന് കർഷകർക്ക് നേരത്തെ വിത്തും വളവും പണിയായുധങ്ങളും, ചെടികളുമെല്ലാം സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നു. പാസിക് എന്ന സ്ഥാപനം വഴിയാണ് ഇവ വിതരണം ചെയ്തിരുന്നത്. ഈ സ്ഥാപനം അടച്ചുപൂട്ടിയതോടെ, കർഷകർക്ക് ആവശ്യമായ വസ്തുക്കൾ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ബില്ല് നൽകിയാൽ സബ്സിഡി കൃഷിഭവൻ വഴി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ വരും. ചിലപ്പോൾ വർഷങ്ങൾ കാത്ത് നിൽക്കേണ്ടിയും വരും. കൃഷി പഠന ക്ലാസുകൾ, പഠന യാത്രകൾ എന്നിവയൊക്കെ നിലച്ചിട്ട് വർഷങ്ങളായി. രണ്ട് കൃഷി ഓഫീസർമാരുണ്ട്. മാഹി മഞ്ചക്കൽ പുഴയോരത്തെ കൃഷി ഓഫീസ് അടച്ച് പൂട്ടിയിട്ട് വർഷങ്ങളായി. വർഷം തോറും നടത്തിവരാറുള്ള പുഷ്പഫല സസ്യ പ്രദർശനങ്ങളും ഇല്ലാതായി. ഓഫീസിൽ യു.ഡി -എൽ.ഡി ക്ലാർക്കുമാരുടെ തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ്. അഞ്ച് ഡമോൺസ്‌ട്രേറ്റർമാർ, നാല് മസ്ദൂർമാർ, ഒരു നൈറ്റ് വാച്ച്മാൻ തസ്തിക എന്നിവ ഒഴിഞ്ഞ് കിടക്കുന്നു. ഫണ്ട് ലഭ്യമാകാത്തതിനാൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയുമായി.
കാട് കയറി കൃഷി വകുപ്പ് നഴ്സറി
ഏറെ പ്രതീക്ഷകളോടെ വർഷങ്ങൾക്ക് മുമ്പ് മാഹി കൃഷി വകുപ്പിന്റെ കീഴിൽ ചെറുകല്ലായി കുന്നിൻ ചെരിവിലെ വിശാലമായ സ്ഥലത്ത് ആരംഭിച്ച നഴ്സറി ഇന്ന് കാടുകയറിക്കിടപ്പാണ്. തുടക്കത്തിൽ അത്യുൽപ്പാദന ശേഷിയുള്ള തെങ്ങ്, കവുങ്ങ്, ഫലവൃക്ഷ തൈകൾ എന്നിവ ഇവിടെ നിന്ന് ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തിയിരുന്നു. ഒരു ജീവനക്കാരൻ മാത്രമാണ് പകൽനേരത്ത് ഇവിടെയുള്ളത്. രാത്രിയിലാകട്ടെ ഒരു വാച്ച് മേൻ പോലുമില്ല.