നീലേശ്വരം: മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂളിന് കളിസ്ഥലം ഒരുക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌ക്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നാളെ വൈകീട്ട് 5 ന് ഗൃഹാങ്കണ സമരം നടത്തുമെന്ന് പി.ടി.എ ഭാരവാഹികളും സ്‌കൂൾ വികസന സമിതി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് കിലോമീറ്റർ ദൂരത്തുള്ള കടിഞ്ഞിമൂല ജി.ഡബ്ല്യു.എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് കഴിഞ്ഞ മൂന്നുവർഷമായി സ്‌കൂൾ സ്‌പോർട്സും കായികപരിശീലനവും നടത്തുന്നത്. 90 സെന്റ് സ്ഥലം മാത്രമാണ് സ്‌കൂളിനുള്ളത്. ഗ്രൗണ്ടിന് സ്ഥലം വിട്ടു തരാൻ സ്വകാര്യ വ്യക്തികൾ തയ്യാറാണ്. എന്നാൽ ഒന്നരയേക്കറോളം സ്ഥലത്തിന് ഒരു കോടിയോളം വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ തുക പ്രാദേശികമായി പിരിച്ചെടുക്കുക അസാധ്യമാണ്. അതിനാൽ സ്‌കൂൾ ഗ്രൗണ്ടിന് സ്ഥലം ലഭ്യമാക്കാൻ പ്രത്യേക അനുമതിയോടെ ഫണ്ടു ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

സ്‌കൂളിന് ഒരു ഗ്രൗണ്ട് നാടിന് ഒരു കളിസ്ഥലം എന്ന മുദ്രാവാക്യമുയർത്തിയാണ് ഗൃഹാങ്കണ സമരം നടത്തുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.എൻ മുഹമ്മദ് കുഞ്ഞി, വി. സരേഷ്, സി.എച്ച് അബ്ദുൾ കലാം, കെ. സുധാകരൻ, കുഞ്ഞിരാമൻ വെങ്ങാട്ട്, ടി.വി പ്രശാന്തൻ, എ. അസീസ് എന്നിവർ പങ്കെടുത്തു.