തൃക്കരിപ്പൂർ: കിടപ്പുമുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന വീട്ടമ്മക്ക് പാമ്പുകടിയേറ്റു. വൈക്കത്തെ ഒ പി വിനോദിന്റെ ഭാര്യ കെ.വി. രജിതയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഇന്നലെ രാത്രി അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ഭർത്താവും രണ്ടു മക്കളുമടക്കം മുറിയിലുണ്ടായിരുന്നു. ഒരു കുട്ടിയും ഭർത്താവും കട്ടിലിലും രജിതയും മകളും താഴെയുമാണ് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി ഏറെ വൈകി കൈക്ക് വല്ലാതെ വേദന അനുഭവപ്പെട്ടതോടെ ഞെട്ടിയുണർന്ന വീട്ടമ്മ ടോർച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് മുറിക്കകത്ത് ചുരുണ്ടുകൂടി കിടക്കുന്ന ഒരു മീറ്ററിലേറെ നീളമുള്ള അണലിയെ കണ്ടത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ സുഖം പ്രാപിച്ചു വരുന്നു.