കണ്ണൂർ: ജില്ലയിൽ ഉയർന്ന കൊവിഡ് ടി.പി.ആർ ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി ഡി, സി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. അതിവ്യാപനമുള്ള സി കാറ്റഗറിയിൽ 21 തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള കാറ്റഗറി ഡിയിൽ നാല് തദ്ദേശ സ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. സി കാറ്റഗറിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഡി കാറ്റഗറിയിൽ ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂലായ് ഒന്ന് മുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വരും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിൽ താഴെയുള്ള മേഖലകളെ വ്യാപനം കുറഞ്ഞ പ്രദേശമായും (കാറ്റഗറി എ), ആറ് മുതൽ 12 ശതമാനം വരെയുള്ള പ്രദേശങ്ങൾ മിതമായ വ്യാപനമുള്ളതായും (കാറ്റഗറി ബി), 12 മുതൽ 18 ശതമാനം വരെയുള്ളത് അതിവ്യാപനമുള്ള പ്രദേശമായും (കാറ്റഗറി സി), 18 ശതമാനത്തിന് മുകളിലാണെങ്കിൽ അതിതീവ്ര വ്യാപനമുള്ളതായും (കാറ്റഗറി ഡി) തിരിച്ചാണ് ഇളവുകൾ അനുവദിക്കുക. ഓരോ കാറ്റഗറിക്കും മുൻപ് അനുവദിച്ച രീതിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും. കാറ്റഗറി ബി പ്രദേശങ്ങളിലും ഓട്ടോറിക്ഷകൾ അനുവദിക്കും. ഡ്രൈവർക്ക് പുറമെ രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ.
കൂടാതെ റെയിൽവേ സ്റ്റേഷനുകളിലും ജില്ലാ അതിർത്തിയിലും പരിശോധന ശക്തമാക്കും. ഇതര സംസ്ഥാനത്തു നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവരുടെ ക്വാറന്റൈൻ കർശനമാക്കാനും ഉത്തരവുണ്ട്.

കാറ്റഗറി ബി

സ്വകാര്യ സ്ഥാപങ്ങൾ 50 ശതമാനം ജീവനക്കാർ

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
അവശ്യവസ്തുക്കളുടെ കടകൾ, ഹോട്ടലുകളിലെ ഹോം ഡെലിവറി

എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ

കാറ്റഗറി സി

അവശ്യവസ്തുക്കളുടെ കടകൾ മാത്രം

എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ
മറ്റു കടകൾ 50 ശതമാനം ജീവനക്കാർ

വെള്ളിയാഴ്ച മാത്രം
ഹോട്ടലുകളിൽ ഹോം ഡെലിവറി സംവിധാനം


കാറ്റഗറി ഡി

(ട്രിപ്പിൾ ലോക്ഡൗൺ)

നാല് പഞ്ചായത്തുകളിൽ. ടി.പി.ആർ കൂടുതൽ പെരളശ്ശേരി (21%) . രാമന്തളി (19.23%), പരിയാരം (18.50%), കരിവെള്ളൂർ പെരളം (18.28%). കുറവ് കോളയാട് (1.63%). ജില്ലയുടെ ടി.പി.ആർ നിരക്ക് 9.82 ശതമാനം.


കാറ്റഗറി സി: എരമം കുറ്റൂർ (17.90%), ചിറ്റാരിപ്പറമ്പ് (17.26%), അഞ്ചരക്കണ്ടി (17.19%), മയ്യിൽ (17.01%), പാട്യം (17.01%), മാങ്ങാട്ടിടം (16.57%), കുന്നോത്തുപറമ്പ് (16. 20%), കീഴല്ലൂർ (15.98%), ചിറക്കൽ ( 15.42%), പാപ്പിനിശ്ശേരി (15.01%), കടമ്പൂർ (14.75%), ആലക്കോട് (14.13%), കുഞ്ഞിമംഗലം (13.95%), മാട്ടൂൽ (13.68%), ചെറുപുഴ (13.59%), ആന്തൂർ മുനിസിപ്പാലിറ്റി (13.49%), കതിരൂർ (13.41%), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (13.07%), ചെറുതാഴം (12.90%), ആറളം (12.36%), നാറാത്ത് (12.29%).