കൊടക്കാട്: രണ്ട് വർഷത്തിലേറെയായി നിലനിൽക്കുന്ന ഓലാട്ട് -വെള്ളച്ചാൽ റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് ഇന്ധന വിലവർദ്ധനക്കെതിരെ ഇന്നലെ നടന്ന എൽ.ഡി.എഫ് പ്രതിഷേധ ധർണ്ണയിൽ നിന്ന് കൊടക്കാട് മേഖലയിലെ ആറോളം സി.പി.എം ബ്രാഞ്ച് കമ്മറ്റികളിലെ പ്രവർത്തകർ വിട്ടുനിന്നു. ഓലാട്ട്, കളത്തേര, കൂക്കാനം, കണ്ണങ്കൈ, ഓലാട്ട് കോളനി തുടങ്ങിയ പാർട്ടി ഘടകങ്ങളിലെ പ്രവർത്തകരാണ് കേന്ദ്രവിരുദ്ധ സമരം ബഹിഷ്‌ക്കരിച്ചത്.

സായാഹ്ന ധർണ്ണയിൽ പങ്കെടുക്കാതെ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് പണി ആരംഭിച്ച ഓലാട്ട് -വെള്ളച്ചാൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഇതുവരെ പൂർത്തിയാക്കാത്തതിലാണ് പ്രവർത്തകർ പരസ്യപ്രതിഷേധം പ്രകടിപ്പിച്ചത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കാസർകോട് ജില്ലാ പഞ്ചായത്ത് ടെൻഡർ നൽകിയതാണ് റോഡ് പ്രവൃത്തി. നിടുംബ മുതൽ ഓലാട്ട് പി.എച്ച്.സി വരെയുള്ള റീച്ചിന്റെ പ്രവൃത്തി പൂർത്തിയാക്കി . എന്നാൽ ഏറ്റവും ശോചനീയാവസ്ഥയുള്ള ഓലാട്ട് പി.എച്ച്.സി മുതൽ വെള്ളച്ചാൽ വരെയുള്ള റീച്ചിന്റെ നിർമ്മാണത്തിലാണ് അലംഭാവമുണ്ടായത്. പണി നീണ്ടുപോയതിനാൽ പഴയനിരക്ക് പ്രകാരം പ്രവൃത്തി നടത്താൻ കഴിയില്ലെന്ന് കരാറുകാരൻ വ്യക്തമാക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിൽ പുതിയ ഭരണസമിതി വന്നതിന് ശേഷം കരാറുകാരനെ മാറ്റാൻ ആലോചന നടത്തിയെങ്കിലും വീണ്ടും ടെൻഡർ ചെയ്താൽ ഇനിയും വൈകുമെന്നത് പരിഗണിച്ച് വീണ്ടും ഈയാളുമായി ചർച്ച നടത്തുകയായിരുന്നു. പ്രവർത്തകരുടെ പ്രതിഷേധം ജില്ലാ പഞ്ചായത്ത് ഗൗരവത്തിൽ എടുത്തിട്ടുണ്ട്.

സാങ്കേതികമായ പ്രശ്നങ്ങളാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമായത്.

പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി