school
കു​ട്ടി​ക്കൂ​ട്ട​ത്തി​ന്റെ​ ​ആ​ഘോ​ഷം​ ​വീ​ട്ടി​ൽ...​ ​പേ​രാ​മ്പ്ര​ ​എ.​യു.​പി​ ​സ്കൂ​ളി​ലെ​ ​എ​ൽ.​കെ.​ജി​ ​വി​ദ്യാ​ർ​ത്ഥി​നി​ ​സെ​മ,​ ​നാ​ലാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥിഎ​സ്.​ആ​ർ​ ​സെ​നി​ൻ,​ ​അ​ഞ്ചാം​ ​ക്ലാസുകാ​രായ കെ.​ഹെ​മി​ൻ,​ ​കെ.​നു​ബ​ ​മെ​ഹ​ർ,​ ​മ​രു​തേ​രി എ.​എം.​എ​ൽ.​പി​ ​സ്കൂ​ൾ​ ​ര​ണ്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​കെ.​ലി​ബ​ ​മെ​ഹ​ർ​ ​എ​ന്നി​വ​ർ​ ​മ​രു​തേ​രി​യി​ലെ​ ​കു​റു​ങ്ങോ​ട്ട് ​വീ​ട്ടി​ൽ​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ന്റെ​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​മ​ധു​രം​ ​പ​ങ്കു​വെ​ക്കു​ന്നു ഫോട്ടോ : എ.​ ​ആ​ർ.​സി.​ ​അ​രുൺ

കോഴിക്കോട്: ''പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറന്നേ'' എന്ന് ആരംഭിക്കുന്ന പ്രവേശനോത്സവ ഗാനം ഓൺലൈനായി ഒഴുകിയെത്തിയപ്പോൾ കുരുന്നുകളിൽ സന്തോഷത്തിൻെറ അലകളുയർന്നു. പുത്തനുടുപ്പും പുത്തൻ ബാഗുമായി കൂട്ടുകാരോടൊത്ത് ആടിപ്പാടി സ്‌കൂളിലെത്താൻ കഴിയാത്തതിന്റെ സങ്കടമൊന്നും ആ മുഖത്ത് കണ്ടില്ല. ബലൂണുകൾ കെെയിലേന്തി പാട്ടിന്റെ താളത്തിനൊത്ത് ചുവടുവെച്ച കുട്ടികളെ അക്ഷര ലോകത്തേക്ക് മധുരം നൽകി വീട്ടുകാർ ആനയിച്ചു. മുഖ്യമന്ത്രിയും അദ്ധ്യാപകരും ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ഓൺലൈനായി ആശംസകൾ നേർന്നു.

ഓൺലൈനിലാണെങ്കിലും പുതിയൊരു അദ്ധ്യയന വർഷത്തിനാണ് ഇന്നലെ തുടക്കമായത്. സംസ്ഥാനം മുതൽ ക്ലാസ് തലം വരെ നടന്ന പ്രവേശനോത്സവത്തിനുപുറമേ, വീടുകളിലും സ്കൂൾ പ്രവേശനം ആഘോഷമാക്കിയെന്നതാണ് ഇത്തവണത്തെ കൗതുകം. മിക്ക വീടുകളും ബലൂണുകളും വർണ കടലാസുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ക്ലാസ് ടീച്ചർമാരും പ്രധാനാദ്ധ്യാപകരും കുട്ടികളെ ഓൺലൈനായി ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു.

തുടർന്ന് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ഒപ്പം രക്ഷിതാക്കളും. ചില സ്കൂളുകളിൽ

കുട്ടികൾ പരിചയപ്പെടുത്തുന്ന ഓഡിയോ ഷെയർ ചെയ്യുകയായിരുന്നു. പാട്ടുപാടൽ, കഥ പറയൽ തുടങ്ങി കുട്ടികളുടെ പലതരം കലാപരിപാടികളും നടന്നു. നവാഗതരെ സ്വാഗതംചെയ്ത് വിദ്യാലയങ്ങളിലെ മുതിർന്ന കുട്ടികൾ അവതരിപ്പിച്ച കലാവിരുന്ന് മികവുളളതാക്കി. ആഘോഷത്തിന്റെ വീഡിയോകൾ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. സ്‌കൂൾ തല പരിപാടികൾ അതതു സ്‌കൂളിന്റെ യൂട്യൂബ് ചാനൽ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ ലൈവ് സ്ട്രീമായി നടന്നപ്പോൾ ക്ലാസ് തല പ്രവേശനോത്സവം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സൂം മീറ്റിലുമായിരുന്നു.

കഴിഞ്ഞ അദ്ധ്യയന വർഷം വിക്ടേഴ്സ് ചാനലിനെ ആശ്രയിച്ചായിരുന്നു പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനം. എന്നാൽ ഇത്തവണ കുറെകൂടി സാങ്കേതിക മികവോടെ അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാൻ കഴിയുംവിധത്തിൽ പഠനപ്രവർത്തനം പരിഷ്ക്കരിക്കാനുളള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ ലൈവായി ക്ലാസ് നൽകുന്നതിന് കഴിഞ്ഞ വർഷം തന്നെ പ്രത്യേക സോഫ്റ്റ് വെയറിന് രൂപം നൽകിയിരുന്നു. യൂട്യൂബ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം എന്നിവയിലൂടെ ക്ലാസുകൾ ആകർഷണീയമാക്കി.

 കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകും : മന്ത്രി എ.കെ. ശശീന്ദ്രൻ

കോഴിക്കോട് : മാദ്ധ്യമം ഏതായാലും മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പുവരുത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വിദ്യാലയങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഇടങ്ങളാണ്. സാമൂഹിക ജീവികളായി ഓരോ മനുഷ്യനും രൂപപ്പെടുന്ന ഇടം കൂടിയാണ് വിദ്യാലയങ്ങളെന്ന് സ്കൂൾ പ്രവേശനോത്സവ ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. പുതിയ കാര്യങ്ങൾ പഠിക്കാനും പഠിച്ചു വെച്ച തെറ്റുകൾ മായ്ച്ചു കളയാനും സൗഹൃദങ്ങൾ വളർത്താനും സ്വന്തം പരിമിതികൾ മനസിലാക്കാനും കഴിവുകൾ രാകി മിനുക്കാനും ഒക്കെയുളള ഇടം കൂടിയാണ് വിദ്യാലയങ്ങൾ. പരസ്പരം കാണാതെയുള്ള പഠനരീതി വിദ്യാർത്ഥികളെ പോലെ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പുതിയതാണ്. പരിചിതമല്ലാത്ത സാഹചര്യങ്ങളെ അനുകൂലമാക്കി സന്തോഷിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ച സർക്കാർ ഓൺലൈൻ വിദ്യാഭ്യാസവും മികവുറ്റതാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദേശത്തിൽ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനി, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം എന്നിവരും സന്ദേശം നൽകി.