വടകര: ലൈസൻസ് പുതുക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്തിലെത്തിയ ഹോട്ടൽ ഉടമയെ പഞ്ചായത്ത് സെക്രട്ടറി വട്ടം കറക്കുന്നതായി ആക്ഷേപം. കുഞ്ഞിപ്പള്ളി ടൗണിലെ അടുക്കള ഹോട്ടൽ ഉടമ ടി.പി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് മന്ത്രിയ്ക്കു പരാതി നൽകി.

ജൂൺ അഞ്ചിന് നടക്കുന്ന കുഞ്ഞിപ്പള്ളി ടൗൺ ശുചീകരണത്തിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുതുക്കി നൽകു എന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊവിഡ് നിയന്ത്രണ പരിശോധനയിൽ പൊലീസ് നടപടിയോടെ ഹോട്ടൽ പൂട്ടിയതാണെന്നും പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കാത്തതു കാരണം പുതുക്കി നൽകാൻ കഴിയാത്തതാണെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.