chain

താമരശ്ശേരി: കൊവിഡ് ബാധിതർക്ക് ആശ്വാസമേകുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങളെ തുണയ്ക്കാൻ കൂടി ലക്ഷ്യമിട്ട് ആവിഷ്കരിച്ച കുടുംബശ്രീയുടെ ചെയിൻ കോൾ പദ്ധതി വൻ ഹിറ്റായി. നാടെങ്ങും പടർന്ന രണ്ടാംതരംഗത്തിൽ പുതുപ്പാടി മേഖലയിൽ ഇതുവരെ ചെയിൻ കോളിലൂടെ കടന്നുപോയത് 14,013 വിളികളാണ്.

കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം ഇവിടെയും ചെയിൻ കോൾ സംവിധാനം നടപ്പാക്കുകയായിരുന്നു. മാനസികമായി വിഷമിക്കുന്ന രോഗികളെ സമാശ്വസിപ്പിക്കുന്നതിനു പുറമെ കൊവിഡ് പ്രതിരോധം കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയുമാണ് ചെയിൻ കോൾ പദ്ധതിയിലൂടെ. രോഗബാധിതരെയെന്ന പോലെ ക്വാറന്റൈനിൽ കഴിയുന്നവരെയും വിളിച്ച് ആശ്വാസവാക്കുകൾ പറഞ്ഞ് ധൈര്യം പകരുന്നുണ്ട്. ലോക്ക് ഡൗണിന്റെ നിയന്ത്രണക്കുരുക്കിൽ പുറത്തിറങ്ങാൻ പറ്റാത്തവർക്ക് അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുന്നുമുണ്ട്. കൗൺസലിംഗ് ആവശ്യമായി വരുന്നവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാക്കുന്നു.

പുതുപ്പാടി മേഖലയിലെ 287 അയൽക്കൂട്ടങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയുമായി അതത് ഗ്രൂപ്പിലെ ഓരോ അംഗത്തെയും ഫോണിൽ വിളിച്ചത് 11,690 തവണയാണ്. എ.ഡി.എസ് അംഗങ്ങൾ വിളിച്ചത് 1860 തവണ. സി.ഡി.എസ് അംഗങ്ങൾ വിളിച്ചത് 363 തവണയെങ്കിൽ സി.ഡി.എസ് ചെയർപേഴ്സൺ വിളിച്ചത് 80 തവണയും. പദ്ധതിയുടെ ഭാഗമായി വാർഡ് മെമ്പർമാരുടെയും എ.ഡി.എസിന്റെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഭക്ഷണ കിറ്റുകളും മരുന്നും മറ്റും കഴിയുവേഗം എത്തിച്ചുനൽകുന്നു. തീരെ നിവൃത്തിയില്ലാത്തവർക്ക് സാമ്പത്തിക സഹായവും എത്തിക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവരുന്നേയുള്ളൂവെന്നിരിക്കെ, മുൻകരുതലിന്റെ കാര്യം ആവ‌ർത്തിച്ചു ഓർമ്മിപ്പിക്കാൻ ചെയിൻ കോൾ ഏറെ സഹായകമാവുകയാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രമായിരിക്കണമെന്നതിനൊപ്പം ഇരട്ട മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങളും പറഞ്ഞ് ബോധവത്കരണം തുടരുന്നുണ്ട്.

'' പുതുപ്പാടി മേഖലയിൽ അടിയന്തര സഹായം തേടുന്നവരെ പെട്ടെന്ന് തുണയ്ക്കാൻ ചെയിൻ കോൾ പദ്ധതിയിലൂടെ കഴിയുന്നുണ്ട്. പരമാവധി കുടുംബങ്ങളിലേക്ക് കൊവിഡ് ജാഗ്രതാ സന്ദേശമെത്തിക്കാനും ഈ ശൃംഖല സഹായകമാവുകയാണ്.

ഷീബ സജി,

സി.ഡി.എസ് ചെയർപേഴ്‌സൺ