മുക്കം: പുതിയ അദ്ധ്യയന വർഷത്തെ വരവേറ്റ് ഒരുക്കിയ സ്‌കൂൾ പ്രവേശനോത്സവത്തിൽ കലാപരിപാടികളും അരങ്ങേറി. നവാഗതർക്കായി കുട്ടികളുടെയെന്ന പോലെ അദ്ധ്യാപകരുടെയും കലാവിരുന്നുണ്ടായിരുന്നു. മണാശേരി ഗവ.യു.പി സ്കൂളിൽ ഒരുക്കിയ മുക്കം നഗരസഭാതല വെർച്വൽ പ്രവേശനോത്സവത്തിൽ ഏതാണ്ട് 1500 പേർ പങ്കാളികളായി.
ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.മധു, നഗരസഭ കൗൺസിലർ എം.വി.രജനി, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ, ബി.പി.സി ശിവദാസൻ, സ്കൂൾ പ്രധാനാദ്ധ്യാപിക ബബിഷ, ഗായിക റിതുരാജ്, ചലച്ചിത്ര നടിയും നർത്തകിയുമായ ലക്ഷ്മി കീർത്തന എന്നിവർ സംബന്ധിച്ചു.
കാരശേരി ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഓംകാരനാഥൻ എന്നിവർ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം വി.പി ജമീല മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത് എന്നിവർ സംബന്ധിച്ചു. പ്രധാനാദ്ധ്യാപകൻ സിദ്ദീഖ് സ്വാഗതവും ശൈലജ നന്ദിയും പറഞ്ഞു.