fish

കോഴിക്കോട്: കൊവിഡും ചുഴലിക്കാറ്റും പട്ടിണിയിലാക്കിയ മത്സ്യത്തൊഴിലാളികൾക്ക് ട്രാേളിംഗ് നിരോധന കാലത്ത് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തം. ഇടയ്ക്കിടെ രൂപപ്പെട്ട ന്യൂനമ‌ർദ്ധത്തിൽ ബോട്ടിറക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ കുരുങ്ങി മത്സ്യബന്ധനവും സംസ്‌കരണവും കയറ്റുമതിയും നിലച്ചതോടെ സാമ്പത്തിക പ്രയാസം വരിഞ്ഞുമുറുക്കി. കഴിഞ്ഞ തവണയും മത്സ്യബന്ധനം കാര്യമായി നടന്നിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.

ഇടയ്ക്കിടെയുണ്ടാവുന്ന ഇന്ധന വില വർദ്ധനയും ഇവർക്ക് തിരിച്ചടിയാവുകയാണ്. ഒരു ദിവസം കടലിൽ പോകുന്നതിന് 300 മുതൽ 500 ലിറ്റർ വരെ ഡീസൽ ആവശ്യമാണ്. ഇതിന് യാതൊരു സബ്‌സിഡിയും ലഭിക്കുന്നില്ല. മാത്രമല്ല , ചെലവ് മാത്രം 50,000 ത്തിനടുത്ത് വരും. എന്നാൽ മത്സ്യ ലഭ്യതക്കുറവു കാരണം ഈ തുക കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്. ട്രോളിംഗ് സമയത്ത് കിട്ടുന്ന റേഷൻ കൊണ്ട് മാത്രം എങ്ങനെ ജീവിക്കുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ജില്ലയിൽ 1222 യന്ത്രവത്‌കൃത മത്സ്യബന്ധന ബോട്ടുകളും 4601 ഔട്ട്‌ ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങളും 200 എഞ്ചിൻ ഘടിപ്പിക്കാത്ത വള്ളങ്ങളുമാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

''ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറുടെ നേ‌തൃത്വത്തിൽ ഇന്നലെ നടത്തിയ യോഗത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു.

കരിച്ചാലി പ്രേമൻ, സംസ്ഥാന വെെസ് പ്രസിഡന്റ്, കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് .


.