@ പരാതികൾ കൂടുന്നു
@ നിരക്ക് ഏകീകരണം വേണമെന്ന് ആവശ്യം
കോഴിക്കോട്: കൊവിഡ് പരിശോധനയുടെ പേരിൽ ആശുപത്രികളിൽ നടക്കുന്നത് പകൽക്കൊള്ള . കിടത്തി ചികിത്സയ്ക്ക് വിധേയമാകുന്നവരോടും അപകടത്തിൽ പരിക്കേറ്റ് എത്തുന്നവരോടും ട്രൂനാറ്റ് കൊവിഡ് പരിശോധന നടത്താനാണ് നഗരത്തിലെ സ്വകാര്യ ആശുപത്രികൾ നിർബന്ധിക്കുന്നത്. ഇതിലൂടെ വലിയ തുക ഈടാക്കുന്നതായാണ് പരാതി.
നൊച്ചാട് ഒറോങ്ങൽ മീത്തൽ സ്വദേശികളായ മുനീർ നൊച്ചാടിനും പിതാവിനുമാണ് കൊവിഡ് പരിശോധനയ്ക്ക് വലിയ തുക ചെലവായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവിന് അകാരണമായി ട്രൂനാറ്റ് പരിശോധന നിർദ്ദേശിക്കുകയാണ് ഉണ്ടായതെന്ന് മുനീർ പറയുന്നു. ആന്റിജൻ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ 28 നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാമത്തെ ദിവസം കൊവിഡ് പരിശോധനയായ ട്രൂനാറ്റ് എടുക്കുകയും 1500 രൂപ ഈടാക്കുകയും ചെയ്തു. 500 രൂപയുടെ ആർ.ടി.പി.സി.ആർ ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കുമെന്നിരിക്കെ താരതമ്യേന കൃത്യത കുറഞ്ഞ ട്രൂനാറ്റ് പരിശോധന നടത്തിയത് എന്തിനെന്ന അന്വേഷണത്തിന് ഈ പരിശോധന മാത്രമെ ഉളളൂവെന്നായിരുന്നു മറുപടി. പുറമെയുളള ലാബുകളിലും സർക്കാർ ആശുപത്രികളിലും അന്വേഷിച്ചപ്പോഴാണ് 300 മുതൽ 500 രൂപ വരെ ഈടാക്കുന്ന പരിശോധനയ്ക്ക് അധിക തുക വാങ്ങുന്നതായി മനസിലായത്. ആന്റിജനും ആർ.ടി.പി.സി ആറും ചെയ്ത രോഗികൾ പോലും ട്രൂനാറ്റ് ചെയ്യാൻ നിർബന്ധിതരാവുകയാണ്. ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് സംസ്ഥാന സർക്കാർ നിരക്ക് നിശ്ചയിച്ചപ്പോൾ പ്രത്യേകം പരാമർശിക്കാത്ത പരിശോധനയാണ് ഇതെന്ന പഴുതുപയോഗിച്ചാണ് അമിത തുക ഈടാക്കുന്നത്. കൊവിഡ് പരിശോധനയുടെ പേരിൽ രോഗികളെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകിയതായി മുനീർ പറഞ്ഞു.
മറ്റ് കൊവിഡ് പരിശോധനകളുടെ നിരക്ക് പോലെ ട്രൂനാറ്റിലും നിരക്ക് ഏകീകരണം കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്നാണ് പരാതിക്കാരുടെ ആവശ്യം.