r
കുഞ്ഞൻ വണ്ടികളോടൊപ്പം പുതാടിയിലെ രാഹുൽ ലാൽ

പൂതാടി: കുഞ്ഞ് ആയി​രുന്നപ്പോൾ രാഹുൽ ലാലിന്റെ കരച്ചിലടക്കാൻ അച്ഛൻ ലാൽജിയും അമ്മ രാജിയും ഒരു കണ്ടെത്തിയ വഴി​യായി​രുന്നു വാഹനങ്ങളുടെ ചി​ത്രം കാണിക്കൽ. വണ്ടികളുടെ ചിത്രം കണ്ടാൽ മകന്റെ കരച്ചിൽ സഡൻ ബ്രേക്കിട്ട പോലെ നിൽക്കും. വലുതായപ്പോൾ നാടറിയുന്ന വണ്ടി ഭ്രാന്തനായി ആ കുട്ടി മാറി.

റിമോട്ടുപയോഗിച്ച് നിയന്ത്രിക്കാവുന്ന കുഞ്ഞൻ വണ്ടികളുണ്ടാക്കുന്നതിലാണ് ഇപ്പോൾ ഈ യുവാവിന് കമ്പം.

ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണ നിറമുള്ള റോൾസ് റോയ്സ് കാറിന്റെ മാതൃകയാണ് ഏറ്റവുമടുത്ത് രാഹുൽ പുറത്തിറക്കിയത്; അടിമുടി ഗോൾഡൻ ടാക്സിയുടെ ഫോട്ടോ കോപ്പി. ബോബി ചെമ്മണ്ണൂരിനെ ഈ മാതൃക നേരിട്ട് കാണിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ പത്തൊമ്പത്കാരൻ.

ഓഫ് റോഡ് ജീപ്പുകൾ, ലോറി, കെ.എസ്.ആർ.ടി.സി. ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ .... ദേശീയ പാത പോലെ നീളുകയാണ് ഈ മിടുക്കൻ നിർമ്മിച്ച വാഹനങ്ങളുടെ പട്ടികയും.

മീനങ്ങാടി പോളി ടെക്നിക് കോളേജിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ രാഹുൽ, ഈ കൊവിഡ് കാല അടച്ചിടലിനെ ഒരു അവസരമാക്കി മാറ്റിയിരിക്കുകയാണ്.