kallai
കല്ലായി പുഴ സംരക്ഷണം നീളുന്നതിനെതിരെ പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിരോധ നിര തീർത്തപ്പോൾ ഫോട്ടോ: എ.ആർ.സി. അരുൺ

കോഴിക്കോട്: മാലിന്യം നിറഞ്ഞും കൈയേറ്റങ്ങൾക്ക് ഇരയായും നശിക്കുന്ന കല്ലായ് പുഴ വീണ്ടെടുക്കാൻ വൈകുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ അണിചേർന്നു. പുഴയിലിറങ്ങി പ്രതിരോധം തീർത്തായിരുന്നു കല്ലായ് പുഴ സംരക്ഷണ സമിതി പ്രവർത്തകരുടെ പ്രതിഷേധം.

പുഴയിലെ ചെളിയും മാലിന്യവും നീക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നീളുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണിയ്ക്ക് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ലെന്നും സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

പന്ത്രണ്ട് വർഷം മുമ്പ് കല്ലായ് പുഴ നവീകരണത്തിന് റിവർ മാനേജ് ഫണ്ടിൽ നിന്ന് 3. 5 കോടി അനുവദിച്ചതായിരുന്നു സർക്കാർ. അത് പിന്നീട് 4. 90 കോടി രൂപയായി വർദ്ധിപ്പിച്ചിട്ടും നവീകരണ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു. പുഴയോരം കൈയേറി കെട്ടിടങ്ങൾ പണിതവരുടെ സമർദ്ദമാണ് ഇതിന് പിന്നിലെന്നും സമിതി ആരോപിക്കുന്നു.
പുഴ നവീകരണത്തിന് കോർപ്പറേഷനും തുക നീക്കിവെച്ചതാണ്. ഏഴര കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് കിലോമീറ്ററോളം ദൈർഘ്യത്തിൽ പുഴയിൽ നിന്ന് ഒരു മീറ്റർ ആഴത്തിൽ ചെളി നീക്കം ചെയ്ത് ആഴം കൂട്ടാനായിരുന്നു പദ്ധതി. ഇങ്ങനെ നവീകരണ പ്രവൃത്തി നടന്നാൽ ഇവിടെ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പുഴയിലേക്ക് തന്നെ നിലം പതിക്കുമെന്നതുകൊണ്ടു തന്നെ കൈയേറ്റക്കാർ പദ്ധതിയ്ക്ക് തുരങ്കം വെക്കുകയായിരുന്നുവെന്നും സമിതി സാരഥികൾ പറയുന്നു.

മാലിന്യങ്ങളും ചെളിയും അടിഞ്ഞുകൂടി കല്ലായ് പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടന്നതിനാൽ ചെറിയ മഴ പെയ്താൽ പോലും നഗരം വെള്ളത്തിനടിയിലാവുകയാണ്. കല്ലായ് പുഴ സംരക്ഷിക്കുമെന്ന പതിവ് വാഗ്ദാനം അവസാനിപ്പിച്ച് ഇനിയെങ്കിലും നവീകരണ പ്രവൃത്തി പെട്ടെന്ന് തുടങ്ങണം.

പ്രതിഷേധ സമരം ഡിവിഷൻ കൗൺസിലർ പി.ഉഷാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.കെ.കുഞ്ഞിമോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, പി.പി.ഉമ്മർ കോയ, കുഞ്ഞാവ മാനാംകുളം, കെ.രമേഷ് കണിയത്ത്, മൻസൂർ സാലിഹ്, നൂർ മുഹമ്മദ്, പ്രസാദ് കല്ലായ് എന്നിവ‌ർ പ്രസംഗിച്ചു.