കോഴിക്കോട് : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ആവിഷ്കരിച്ച കൊവിഡ് പ്രതിരോധ - പുനരധിവാസ പദ്ധതിയുടെ (ഹൃദയമുദ്ര - 2021) ജില്ലാതല പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് കെ.കെ. ബഷീർ വല്ലപ്പുഴ നിർവഹിച്ചു.

അദ്ധ്യാപകരുടെ മാറ്റി വെക്കപ്പെട്ട ശമ്പളത്തിൽ നിന്നുള്ള ഒരു ഗഡുവാണ് ഈ പദ്ധതിയിലേക്ക് സ്വരൂപിക്കുക. ജില്ലയിൽ നിന്നു 10 ലക്ഷം രൂപ സമാഹരിക്കാനാണ് തീരുമാനം. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കാനും കുടുംബങ്ങളുടെ പുനരധിവാസത്തിനുമാണ് പണം ചെലവഴിക്കുക.

ഓൺലൈനിൽ സംഘടിപ്പിച്ച ജില്ലാതല സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഹനീഫ മുഖ്യപ്രഭാഷണം നടത്തി. 'ഹൃദയമുദ്ര - 2021" സംസ്ഥാന കൺവീനർ എം.വി.അബ്ദുറഹ്‌മാൻ പദ്ധതി വിശദീകരിച്ചു. ജില്ല പ്രസിഡന്റ് ടി.കെ. ജുമാൻ സംസാരിച്ചു. ശഫീഖ് ഓമശേരി, വി.കെ മുഹമ്മദലി ഊരള്ളൂർ എന്നിവരെ മേഖലാ കൺവീനർമാരായി തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി വി.പി അശ്റഫ് സ്വാഗതവും സംസ്ഥാന കമ്മറ്റി അംഗം കെ.ടി. ഷബീബ നന്ദിയും പറഞ്ഞു.