shelter
ഓ​വു​ചാ​ൽ​ ​നി​ർ​മാ​ണ​ത്തി​ന് ​ത​ട​സ​മാ​യി​ ​നി​ന്ന​ ​ന​ട​ക്കാ​വി​ലെ​ ​ബ​സ് ​ഷെ​ൽ​ട്ട​റു​ക​ൾ​ ​പൊ​ളി​ച്ചു​ ​നീ​ക്കു​ന്നു

കോഴിക്കോട് ‌ : മന്ത്രി കണ്ണുരുട്ടിയതോടെ ഓവുചാൽ നിർമാണത്തിന് തടസമായിരുന്ന മൂന്ന് ബസ് ഷെൽട്ടറുകൾ പൊളിച്ചു നീക്കി. കണ്ണൂർ-വയനാട്‌ റോഡുകളെ ബന്ധിപ്പിക്കുന്ന ക്രോസ്‌ റോഡിലെ ഷെൽട്ടറുകളാണ് പൊളിച്ചത്. പൊതുമരാമത്ത്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. കഴിഞ്ഞ ദിവസം ഫോൺ ഇൻ പരിപാടിയിൽ നടക്കാവ്‌ സ്വദേശി അഞ്ജിത്ത്‌ ലാൽ പരാതി പറഞ്ഞതിനെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. ബസ്‌ ഷെൽട്ടറുകൾ നിൽക്കുന്നതിനാൽ കഴിഞ്ഞ ഒരാഴ്‌ചയായി ഓവുചാൽ നിർമാണം നിലച്ച സ്ഥിതിയായിരുന്നു. കിഴക്കേ നടക്കാവിലെ ക്രോസ്‌ റോഡിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മഴ കനത്താൽ കടകളിലേക്ക്‌ വെള്ളം കയറുന്നത് ഒഴിവാക്കാനാണ്‌ ഓവുചാൽ നിർമാണം തുടങ്ങിയത്‌. റോഡ്‌ ടാറിംഗ്,​ കൈവരി, നടപ്പാത നിർമാണം എന്നിവയും ഇതിനൊപ്പം നടക്കുന്നുണ്ട്‌. ഓവുചാൽ നിർമാണം തടസപ്പെട്ടത്‌ വഴിയാത്രയ്ക്ക് ഉൾപ്പെടെ പ്രയാസം സൃഷ്ടിച്ചിരുന്നു. മൂന്ന്‌ ദിവസമാണ്‌ പരസ്യക്കമ്പനികൾക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ സമയം നൽകിയത്‌. സ്വയം പൊളിച്ചില്ലെങ്കിൽ തിങ്കളാഴ്‌ച ഇടിച്ചുനിരത്തുമെന്ന മുന്നറിയിപ്പും നൽകിയതോടെ പരസ്യ ഏജൻസികൾ പൊളിച്ചുനീക്കുകയായിരുന്നു. രാവിലെ തുടങ്ങിയ പൊളിക്കൽ വൈകീട്ട്‌ അവസാനിച്ചു. ഷെൽട്ടർ പൊളിച്ചുമാറ്റിയതോടെ ഇന്നുമുതൽ ഓവുചാൽ നിർമാണം പുനരാരംഭിക്കും. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബസ്‌ഷെൽട്ടർ നിർമിക്കാൻ വീണ്ടും അപേക്ഷിച്ചാൽ മൂന്നെണ്ണത്തിന്‌ പകരം നീളംകൂട്ടി ഒരെണ്ണത്തിന്‌ അനുമതി നൽകാനാണ് പൊതുമരാമത്തിന്റെ തീരുമാനം.