വടകര: കൊവിഡും ലോക്ക് ഡൗണും ജില്ലയിലെ മത്സ്യവില്പനയെ ബാധിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളും പ്രകൃതിക്ഷോഭവും മൂലം മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും മുമ്പെന്നപോലെ കടലിൽ പോകുന്നില്ലെങ്കിലും മാർക്കറ്റുകളിൽ മീൻതട്ടുകൾ ഒഴിയാറില്ല. വിഷം കലർന്നതും പഴകിയതുമായ മത്സ്യങ്ങളാണ് ഇതിൽ കൂടുതലും. അഴിയൂരിൽ അനധികൃത മത്സ്യ വില്പന നടത്തിയ വാഹനങ്ങൾക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. കേബിൻ ലോറിയടക്കം 9 ലോറികൾക്കെതിരെയാണ് അനധികൃത മത്സ്യ വിൽപ്പന നടത്തിയതിന് പൊലീസ് കേസെടുത്തത്. വലിയ വാഹനത്തിൽ എത്തിച്ച മത്സ്യം ചെറുവാഹനങ്ങളിലേക്ക് കയറ്റുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് മത്സ്യം. ഹാർബർ അടഞ്ഞുകിടക്കുന്നതിനിടയിൽ ദേശീയ പാതയിൽ നിർത്തിയായിരുന്നു കച്ചവടം. പ്രിൻസിപ്പൽ എസ്.ഐ കെ.വി ഉമേശൻ, ജിജിൻ, സുജിൽ, വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് ചോമ്പാല പൊലീസ് അറിയിച്ചു