കോഴിക്കോട്: വരുമാന മാർഗത്തിന് പൂട്ട് വീണതോടെ ദുരിതം പേറുകയാണ് നൂറു കണക്കിന് ലോട്ടറി ടിക്കറ്റ് വില്പനക്കാർ. കൊവിഡ് രണ്ടാം തരംഗത്തിലെ തീവ്രവ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ വന്നതോടെ കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകൾ സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഒരു മാസമായി ഒരു വരുമാനവുമില്ല ഇക്കൂട്ടർക്ക്. അംഗപരിമിതരും പ്രായം ചെന്നവരുമാണ് ലോട്ടറി വില്പനക്കാരിൽ നല്ലൊരു പങ്കും. മറ്റൊരു പണിയ്ക്കും ശ്രമിക്കാനാവില്ലെന്നിരിക്കെ നറുക്കെടുപ്പ് വീണ്ടും തുടങ്ങുന്നത് കാത്തിരിക്കുകയാണ് ഇവരൊക്കെയും.
ഇനി ലോക്ക് ഡൗണിന് ശേഷം വില്പന പുനരാരംഭിച്ചാലും നേരത്തേ നിറുത്തിവച്ച 7 ലോട്ടറികളുടെ നറുക്കെടുപ്പാണ് ആദ്യം നടത്തുക. അതുകൊണ്ടു തന്നെ തൊഴിലാളികൾക്ക് വരുമാനമെന്തെങ്കിലും കിട്ടാൻ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ കൈയിലെത്തുന്നതു വരെ കാക്കണം. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിൽ രണ്ടു മാസം ലോട്ടറി ടിക്കറ്റ് വില്പന മുടങ്ങിയിരുന്നു. അക്കാലത്ത് സഹായധനമായി 2000 രൂപ വീതം അനുവദിച്ചതാണ്. പിന്നീട് ലോക്ക് ഡൗൺ പിൻവലിച്ചതോടെ ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ 3500 രൂപ ക്ഷേമനിധിയിൽ നിന്നു സഹായമെന്ന നിലയിലും നൽകിയിരുന്നു.
ഇത്തവണയും 1,000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും വിതരണം തുടങ്ങിയിട്ടില്ല.
മദ്യവില്പനയിലൂടെയുള്ള വരുമാനത്തിനു തൊട്ടുപിറകിലെന്നാണം സർക്കാരിനെ കാര്യമായി തുണയ്ക്കുന്ന മേഖലയാണ് ലോട്ടറി. എന്നാൽ, ആദ്യ ലോക്ക് ഡൗണിന് ശേഷം ലോട്ടറി വില്പന പുനരാരംഭിച്ചപ്പോൾ ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിൽ പ്രകടമായ കുറവുണ്ടായി. വില്പന മൂന്നിലൊന്നായി കുറഞ്ഞതായാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്.
സംസ്ഥാനത്ത് വഴിയോരങ്ങളിലെ ലോട്ടറി ടിക്കറ്റ് ചില്ലറ വില്പനക്കാർ തന്നെ രണ്ടു ലക്ഷത്തിലേറെ വരും. റീട്ടെയിൽ വില്പനക്കാരിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി നടന്നു വിൽക്കുന്നവരാണ് ഇതിലധികവും. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ക്ഷേമനിധി അംഗത്വം പോലുമില്ല.
ജി.എസ്.ടി ഉൾപ്പെടെ അടച്ചാണ് ഇവർ ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നത്. വിറ്റു പോകാതെ മിച്ചം വരുന്ന ടിക്കറ്റുകൾ സ്വാഭാവികമായും നഷ്ടക്കണക്കിലാവുന്നു. ഭാഗ്യക്കുറി വകുപ്പിന്റെയെന്ന പോലെ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ബോർഡിന്റെയും രേഖകളിൽ പെടുന്നില്ലെന്നതുകൊണ്ടു തന്നെ ഇവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല.
'ഞങ്ങൾക്ക് ആകെയുള്ള വരുമാനം ഇതു വഴി മാത്രമാണ്. ഭാഗ്യക്കുറി നറുക്കെടുപ്പ് വേഗം തുടങ്ങിയാൽ മാത്രമേ ജീവിതം തള്ളിനീക്കാനാവൂ.
രാമൻ, എകരൂൽ
ലോട്ടറി വില്പനക്കാരൻ