കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ ലക്ഷദ്വീപിൽ നടക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപവാസ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമിയും തൊഴിലുമെല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിന്റെ ഭാഗമായാണ് ഈ അധിനിവേശം. വികസനം എന്ന ഓമനപ്പേരിട്ടാണ് കേന്ദ്ര സർക്കാർ അവിടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അഗത്തിയിലെ എയർപോർട്ടിനുള്ള സ്ഥലം അവിടത്തെ ജനങ്ങൾ സംഭാവന ചെയ്തതാണ്. വികസന വിരോധികളായിരുന്നുവെങ്കിൽ അതിന് തുനിയുമായിരുന്നില്ലല്ലോ.

നുണപ്രചാരണത്തിലൂടെ ഒരു ജനതയുടെ ആത്മവിശ്വാസത്തെയാണ് സർക്കാർ തകർക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററെ അവിടെ നിയമിച്ചത് ഗൂഢലക്ഷ്യത്തോടെ തന്നെയാണ്. ലക്ഷദ്വീപ് ജനതയുടെ നിഷ്‌കളങ്കത മുതലെടുത്ത് അവിടെ എന്തും ചെയ്യാം എന്നാണ് കേന്ദ്ര ഭരണകൂടം കരുതിയത്. സഹനസമരത്തിലൂടെയാണ് ദ്വീപുകാർ ഈ നീക്കത്തെ നേരിടുന്നതെന്നും തങ്ങൾ പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെ സാദിഖലി ശിഹാബ് തങ്ങൾ ഹാരാർപ്പണം നടത്തി.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി, സംസ്ഥാന കമ്മിറ്റി അംഗം സാജിദ് നടുവണ്ണൂർ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗം നസ്വീഹ് എന്നിവർ പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ നന്ദിയും പറഞ്ഞു.