സുൽത്താൻ ബത്തേരി: പുഷ്പങ്ങളുടെ നഗരമായ സുൽത്താൻ ബത്തേരി നഗരസഭയിലെ മൂലങ്കാവിൽ സെന്റ് ജൂഡ് അയൽകൂട്ടം ദേശീയപാതയോരത്ത് നട്ടുവളർത്തിയ സൂര്യകാന്തി തോട്ടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ് പൂപ്പാടം നാടിന് സമർപ്പിച്ചത്.
സുൽത്താൻ ബത്തേരിയിൽ നിന്ന് നാല് കിലോമീറ്റർ മാറി ദേശീയ പാത 766-ൽ മൈസൂർ റോഡിലാണ് കണ്ണിന് കുളിർമയേകുന്ന സൂര്യകാന്തി പൂക്കൾ പൂത്ത് വിടർന്ന് നിൽക്കുന്നത്. പൂകൃഷിക്ക് ഏറെ അനുയോജ്യമായ കാലാവസ്ഥയാണ് കർണാടകയുടേത്. ഇതേ കാലാവസ്ഥയാണ് വയനാട്ടിലും അനുഭവപ്പെട്ടുവരുന്നത്. ഇത് കണ്ടറിഞ്ഞാണ് മൂലങ്കാവ് സെന്റ്ജൂഡ് പ്രവർത്തകർ പൂപ്പാടം ഒരുക്കിയത്. പൂവിന് വേണ്ടി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഇവിടെതന്നെ നട്ടുവളർത്തി സ്വയം പര്യാപ്തത കൈവരിച്ച കൂട്ടായ്മയെ കളക്ടർ അഭിനന്ദിച്ചു.