nurse

കോഴിക്കോട്: ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് - 2 തസ്തികയിൽ അഞ്ഞൂറോളം ഒഴിവുകളുണ്ട് സംസ്ഥാനത്ത് ഇപ്പോൾ. ഇതിന് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന എ.എൻ.എം (ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി) കോഴ്സ് കഴിഞ്ഞ നൂറു കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്ത് കാത്തിരിപ്പിലുമാണ്. പക്ഷേ, മുകൾതട്ടിലെ തസ്തികയിലേക്ക് അർഹതയുള്ള ഉന്നതയോഗ്യതക്കാരുടെ തള്ളിച്ചയിൽ അവസരങ്ങൾ ചോ‌‌ർന്നുപോകുന്ന നില. പിന്നെ, ഇങ്ങനെയൊരു കോഴ്സ്‌ കൊണ്ടു എന്തുകാര്യമെന്ന ചോദ്യമുയർത്തുകയാണ് അമർഷത്തോടെയും സങ്കടത്തോടെയും ഈ ഉദ്യോഗാർത്ഥികൾ.

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ജി.എൻ.എം (ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി) കഴിഞ്ഞവർ കൂടുതലായി വരുന്നതോടെ തങ്ങൾക്കു മുന്നിൽ വാതിൽ അടയുകയാണെന്ന്

എ.എൻ.എം പാസ്സായി പി.എസ്.സി പരീക്ഷയുടെ കടമ്പയും കടന്നവർ പറയുന്നു. കഴിഞ്ഞ നവംബറിലും ഈ വർഷം ജനുവരിയിലും പി.എസ്.സി പരീക്ഷ നടന്നതാണ്. ജി.എൻ.എം കഴിഞ്ഞ ചില ഉദ്യോഗാർത്ഥികൾ കോടതിയിൽ നിന്ന് അനുകൂലവിധി നേടി പരീക്ഷ എഴുതുകയായിരുന്നു. ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ജനറൽ നഴ്സിംഗ് കഴിഞ്ഞ ഉദ്യോഗാർത്ഥിയുടെ അപേക്ഷ 2019 ൽ പി.എസ്.സി നിരസിച്ചതാണ്. ഇതിനെതിരെ ഉദ്യോഗാർത്ഥി അനുകൂലവിധി നേടുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ സമർപ്പിച്ചെങ്കിലും ജി.എൻ.എം കഴിഞ്ഞവർക്ക് ജോലിയിൽ മികവ് പുല‌ർത്താൻ കഴിയുമെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. അതോടെ, ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ജി.എൻ.എം യോഗ്യതയുള്ളവ‌ക്കായി ഒരു പ്രാഥമിക പരീക്ഷ കൂടി നടത്താൻ പി.എസ്.സി തീരുമാനിക്കുകയായിരുന്നു. ഈ പ്രശ്നം ശരിയായി ധരിപ്പിക്കാനോ, അടിസ്ഥാനയോഗ്യതക്കാർക്ക് നീതി ഉറപ്പാക്കാനോ സർക്കാരിന്റെ പക്ഷത്തു നിന്നു ശ്രമമുണ്ടായില്ലെന്ന ആക്ഷേപമാണ് എ.എൻ.എം കോഴ്സുകാരുടേത്.

ഉന്നതയോഗ്യതയുള്ളവർക്ക് പരീക്ഷ എഴുതാമെന്നു വരുമ്പോൾ സ്വാഭാവികമായും അവരായിരിക്കും മുന്നിലെത്തുക. എ.എൻ.എം കഴിഞ്ഞവർക്ക് തൊഴിൽസാദ്ധ്യതയില്ലാതായാൽ പിന്നെ ഈ കോഴ്സിന് ഒരു വിലയുമില്ലെന്നാവില്ലേ... അവർ ചോദിക്കുന്നു.

ജെ.പി.എച്ച്.എൻ ഗ്രേഡ് - 2 തസ്തിയകയിലേക്ക് റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിലാണ് പി.എസ്.സി   2020 ലും 2021 ലും പരീക്ഷ നടത്തിയത്. എന്നാൽ,​ ആ ലിസ്റ്റിൽ നിന്ന് ആരെയും പരിഗണിച്ചില്ല. അതേ സമയം,​ അഞ്ഞൂറോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുമുണ്ട്. ജെ.പി.എച്ച്.എൻ സർട്ടിഫിക്കറ്റുകാർക്ക് പരിഗണന ഉറപ്പാക്കുംവിധം നിയമനത്തിന് നീക്കമുണ്ടാവണമെന്ന ആവശ്യമാണ് ഉദ്യോഗാർത്ഥികളുടേത്.