mount
മൗണ്ട് സാനഡു റിസോർട്ട്

കോഴിക്കോട്: ലോകത്ത് ഏറ്റവും മുൻനിരയിൽ വരുന്ന ഒരു ശതമാനം റിസോർട്ടുകളുടെ പട്ടികയിൽ വയനാട് അമ്പലവയലിലെ 'മൗണ്ട് സാനഡു" വീണ്ടും സ്ഥാനം പിടിച്ചു. അന്താരാഷ്ട്ര ട്രാവൽ പോർട്ടലായ ട്രിപ്പ് അഡ്വൈസറിന്റേതാണ് ബഹുമതി.

ഈ റിസോർട്ടിൽ താമസിച്ച വിനോദസഞ്ചാരികളുടെ അഭിപ്രായ സർവേയിലൂടെ അന്താരാഷ്ട്ര പുരസ്‌കാരത്തിന് മൗണ്ട് സാനഡു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയായി കാണുന്നുവെന്ന് 'മൗണ്ട് സാനഡു" ഉടമ ടി. വി.ഏലിയാസ് പറഞ്ഞു.

സ്‌മോൾ ഹോട്ടൽ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിലൊന്നാണ് സമുദ്രനിരപ്പിൽ നിന്നു 3300 അടി ഉയരത്തിലുള്ള ഈ ലക്ഷ്വറി റിസോർട്ട്. അമ്പലവയൽ ചീങ്ങേരിമലയിലാണ് ടി.വി.എ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട്.

കൊവിഡ് കാലത്ത് ടൂറിസം രംഗത്തെ വെല്ലുവിളികൾ അതിജീവിച്ച് സേവനങ്ങളിൽ ഉയരങ്ങൾ താണ്ടിയ 'മൗണ്ട് സാനഡു" ഉൾപ്പെടെയുള്ള സംരംഭകർ ഏറെ അഭിനന്ദനം അർഹിക്കുന്നതായി ട്രിപ് അഡ്വൈസർ ചീഫ് കൊമേഴ്സ്യൽ ഓഫീസർ കനിക സോണി പറഞ്ഞു. അതിഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ അങ്ങേയറ്റം മികവ് പുലർത്തിയിട്ടുണ്ട്.