2
പിടിയിലായ പ്രതികൾ

 'നൈറ്റ് ഔട്ട് " കറങ്ങലിൽ ഓപ്പറേഷൻ

കോഴിക്കോട്: രാത്രി ചുറ്റിക്കറങ്ങി കവർച്ച പതിവാക്കിയ സംഘത്തിലെ രണ്ടു കുട്ടികളടക്കം നാലു പേർ പൊലീസിന്റെ പിടിയിലായി. കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു (18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ (19), എന്നിവരെ കൂടാതെ കരുവിശ്ശേരി സ്വദേശികളായ രണ്ട് കുട്ടികളെയുമാണ് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ചേർന്നും അറസ്റ്റ് ചെയ്തത്. ഇതോടെ എൺപതിൽപരം കേസ്സുകൾക്കാണ് തുമ്പായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

നഗരത്തിൽ നല്ലൊരു പങ്ക് മോഷണക്കേസുകളിലും കുട്ടികളുടെ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സിറ്റി പൊലീസ് ചീഫ് എ.വി ജോർജ്ജ് അന്വേഷണത്തിനായി ക്രൈം സ്ക്വാഡിനെ നിയോഗിക്കുകയായിരുന്നു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു ഈയിടെ ആക്ടീവ സ്കൂട്ടർ കവർന്നതിലുൾപ്പെടെ കൗമാരക്കൂട്ടത്തിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റു അംഗങ്ങളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് പൊലീസിന്.

ലഹരിമരുന്ന് ഉപയോഗിക്കുന്നത് ശീലമാക്കിയ പ്രതികൾ വീട്ടുകാരറിയാതെ 'നൈറ്റ് ഔട്ടിന് " ഇറങ്ങിയാണ് മോഷണം നടത്തുന്നത്. അർദ്ധരാത്രി ബൈക്കിൽ രണ്ടും മൂന്നും പേർ ചേർന്നാണ് ഓപ്പറേഷന് ഇറങ്ങുക. എവിടെ നിന്നെങ്കിലും വാഹനം കവർന്ന് അതുമായി സമീപപ്രദേശങ്ങളിലെത്തി കടകളിലും മറ്റും മോഷണം നടത്തുന്നതാണ് രീതി. രക്ഷിതാക്കൾ അറിയാതെ വൈകി വീട്ടിലെത്തി കിടന്നുറങ്ങും. കവർന്ന ബൈക്കുകൾ എവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കും. മുഖ്യമായും കോഴിക്കടകളിലാണ് ഇവരുടെ മോഷണം.
പ്രതികളുമായി മെഡിക്കൽ കോളേജ് അസി. കമ്മിഷണർ മുരളീധരൻ, ചേവായൂർ ഇൻസ്പെക്ടർ വിജയകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, എ.വി സുമേഷ്, ചേവായൂർ സബ്ബ് ഇൻസ്പെക്ടർ അനീഷ്, സീനിയർ സി.പി.ഒ മാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സി.പി.ഒ പ്രസീദ്, ശ്രീരാഗ് എന്നിവരുണ്ടായിരുന്നു.