കുറ്റ്യാടി: മദിരാശി സർക്കാരിന്റെ കീഴിലായിരുന്ന മലബാറിൽ കുറുമ്പ്രനാട്ടിലെ കിഴക്കൻ മലയോരത്ത് വിജ്ഞാനതൃഷ്ണയിൽ നിന്നു ഉയർന്നുവന്ന വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എഴുപത്തൊന്നാം വർഷത്തിലേക്ക്.
കുറ്റ്യാടി - നാദാപുരം സംസ്ഥാനപാതയിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ നിന്നു ഇതിനിടയ്ക്ക് പഠിച്ചിറങ്ങിയത് ആയിരങ്ങളാണ്. ഇപ്പോൾ ഏതാണ്ട് 3000 വിദാർത്ഥികളുണ്ട് ഇവിടെ. അക്കാദമിക് രംഗത്തെന്ന പോലെ കലാ - കായിക മേഖലകളിലും മികച്ച നിലവാരം പുലർത്തുന്നുണ്ട് നാഷണൽ സ്‌കൂൾ.
കിഴക്കൻ മലയോരത്ത് ഒരു ഹൈസ്‌കൂൾ എന്നത് ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ നാട്ടുകാരുടെ സ്വപ്നമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇതിനായി 1950 ജൂൺ 12 ന് വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചു. മലബാറിലെ എക്കാലത്തെയും വിഖ്യാത ഭിഷഗ്വരനായ ഡോ.പി.പി.പത്മനാഭനായിരുന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രാഷ്‌ട്രീയ നേതാക്കളായ വി.പി.കുഞ്ഞിരാമക്കുറുപ്പ്,
പി.ആർ. നമ്പ്യാർ എന്നിവരുടെ സഹായത്തോടെ വൈകാതെ സ്‌കൂളിന് അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു. 1951 ജൂൺ 7 ന് പരിമിതമായ സൗകര്യങ്ങളോടെ സ്‌കൂൾ പ്രവർത്തനം തുടങ്ങി. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് 1955 മേയ് 3 ന് മദ്രാസ് മുഖ്യമന്ത്രിയും സ്വാതന്ത്രസമര സേനാനിയുമായിരുന്ന കെ. കാമരാജ നാടാരായിരുന്നു.
സ്‌കൂളിന് അഭിമാനമായി സമൂഹത്തിലെ നാനാ മണ്ഡലങ്ങളിലെയും മുൻനിരയിൽ പൂർവവിദ്യാർത്ഥികളുടെ നിര തന്നെയുണ്ട്. മുൻ എം.എൽഎ സത്യൻ മെകേരി, ഡോക്ടർമാരായ കെ.മൊയ്തു , വി.കെ. മമ്മി, ജ്യോതികുമാർ, ജയേഷ്, പുരുഷോത്തമൻ, അബ്ദുൾ ഹമീദ്, പി.നാണു, കായികരംഗത്തെ പ്രതിഭകളായ എൻ.വി. അശോകൻ, രാജൻ വട്ടോളി, ഇരിങ്ങൽ പപ്പൻ, പി.പി.സുകുമാരൻ, പ്രദീപ് കുമാർ, പി.പി. ചന്ദ്രൻ തുടങ്ങിയവരൊക്കെ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. മലയാളികളുടെ പ്രിയ കഥാകാരൻ അക്ബർ കക്കട്ടിൽ ഇവിടെ അദ്ധ്യാപകനായിരുന്നു.
വി.എം.ചന്ദ്രൻ മാനേജരായുള്ള കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രവർത്തനം. പി.കുഞ്ഞിരാമൻ നമ്പീശൻ തയ്യാറാക്കിയ പ്രാർത്ഥനയും ചിത്രകലാ അദ്ധ്യാപകൻ കെ.ചന്തു രൂപകല്പന ചെയ്ത എംബ്ലവും
സ്കൂളിന്റെ മായാത്ത അടയാളങ്ങളായുണ്ട്. എ.മനോജാണ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ. കെ.പ്രഭാനന്ദിനി ഹെഡ്മിസ്ട്രസും.