കൊടിയത്തൂർ: കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവർക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതി. കൊടിയത്തൂർ പഞ്ചായത്തിലെ ലൗ ഷോറിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലെ (ഡി.സി.സി ) രോഗികളാണ് ഭക്ഷണമില്ലെന്ന പരാതിയുമായി ബഹളം കൂട്ടിയത്. ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ കൊള്ളില്ലെന്ന ആക്ഷേപവുമായി പ്രതിഷേധിച്ചവരെ പൊലീസെത്തി ശാന്തരാക്കി. ഉച്ചയ്ക്കുള്ള കറി തന്നെയാണ് രാത്രിയിലും വിളമ്പുന്നതെന്നും പ്രതിരോധശേഷി കൂട്ടാനുളള ഭക്ഷണം ലഭിക്കുന്നില്ലെന്നും രോഗികൾ പറയുന്നു. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെയാണ് ഡി.സി.സിയിൽ താമസിപ്പിക്കുന്നത്. ചികിത്സ തുടങ്ങി 10 ദിവസമായവരെയും പുതുതായി വരുന്നവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനാൽ 10 ദിവസം കഴിഞ്ഞവർക്കും പരിശോധനയിൽ പോസിറ്റീവാകുന്നതായി ഇവർ പരാതിപ്പെടുന്നു. ഡി.സി.സിയിലുളളവരെ ശ്രദ്ധിക്കാതെ കമ്യൂണിറ്റി കിച്ചണിൽ ബിരിയാണി തയ്യാറാക്കി ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കും പഞ്ചായത്ത് വിതരണം ചെയ്യുകയാണെന്ന് സി.പി.എം ആരോപിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ജോണി ഇടശ്ശേരി, സി.ഹരീസ്, സി.ടി.സി അബ്ദുള്ള എന്നിവർ ആവശ്യപ്പെട്ടു .