പേരാമ്പ്ര : കുണ്ടുംകുഴിയും നിറഞ്ഞ് അപകടം പതിവായ ചെമ്പ്ര റോഡിലെ കുഴി അടക്കൽ തുടങ്ങി.
റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കരാറുകാരന്റെ അനാസ്ഥ കാരണം റോഡ് നവീകരണം നടക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു . കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ ബൈക്കുമായി വീണ പൊലീസുകാരന് സാരമായി പരിക്കേറ്റിരുന്നു.
ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് നിത്യ സംഭവമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിരുന്നില്ല. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ മഴയ്ക്ക് മുമ്പ് അടക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം വന്നതോടെയാണ് ചെമ്പ്ര റോഡിനും ശാപമോക്ഷമാകുന്നത്.