കോഴിക്കോട് : പാളയത്തെ പേപ്പർ ഗ്ലാസ്, പ്ലേറ്റ് എന്നിവ വിൽക്കുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിത്തം. പാളയം ബസ് സ്റ്റാൻഡിന് സമീപത്തെ ടി.കെ. സെന്റർ ബിൽഡിംഗിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകീട്ട് നാല് വരെ ഗോഡൗണിൽ ഉത്പ്പന്നങ്ങൾ എത്തിച്ച് തൊഴിലാളികൾ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ കച്ചവടക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റുമെത്തി തീ അണച്ചു. ബീച്ച് സ്റ്റേഷൻ ഓഫീസർ സതീഷ്, അസി. സ്റ്റേഷൻ ഓഫീസർ പി.കെ. അബ്ദുൾ ബഷീർ. മീഞ്ചന്ത അസി. സ്റ്റേഷൻ ഓഫീസർ വി.കെ. ബിജു എന്നിവർ നേതൃത്വം നൽകി. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.